കുവൈത്ത് സിറ്റി: സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും സ്മരണ പുതുക്കി രാജ്യം ദേശീയ വിമോചന ദിനം ആഘോഷിച്ചു. പിടിച്ചെടുക്കലിന്റെയും അടക്കിഭരിക്കലിന്റെയും ദുസ്സഹമായ ഓർമകളിൽ നിന്ന്, വളർച്ചയുടെയും ഉയർച്ചയുടെയും പുതിയ പടവുകൾ അടയാളപ്പെടുത്തിയാണ് രാജ്യം 62ാമത് ദേശീയദിനവും, 31ാമത് വിമോചന ദിനവും പിന്നിട്ടത്. തളർന്നുനിൽക്കലല്ല, കുതിച്ചു മുന്നേറലിലാണ് ശക്തിയെന്ന് ഈ രാജ്യം തെളിയിച്ചിരിക്കുന്നു. പഴയ കോളനി രാജ്യത്തുനിന്നും സ്വാതന്ത്ര്യത്തിന്റെ പുതിയ ചിറകിൽ കുവൈത്ത് എത്രയോ മുന്നോട്ടുപോയി ലോകഭൂപടത്തിൽ സ്വയം അടയാളപ്പെടുത്തി. ഇന്ന് രാജ്യം വികസനക്കുതിപ്പിലാണ്.
അതിനൊപ്പം ലോകത്തിന്റെ പൊതുനന്മക്കായി ഈ കൊച്ചുരാജ്യം ആവുന്നത് ചെയ്തുകൊണ്ടേയിരിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ തീർക്കുന്നതിന് ഇടനിലക്കാരായും പ്രകൃതിദുരന്തങ്ങളാലും ആഭ്യന്തര സംഘർഷങ്ങളാലും ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചും നന്മയുടെ വഴിയേ മുന്നിൽ നടക്കുന്നു.
ദേശീയ വിമോചന ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ വലിയ ആഘോഷങ്ങൾക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. ദേശീയ പതാകകളുമായി ജനങ്ങൾ തെരുവിൽ ആഹ്ലാദം പങ്കുവെച്ചു. കെട്ടിടങ്ങളും വീടുകളും വർണവെളിച്ചത്തിൽ തിളങ്ങി. പാർക്കുകളിലും ബീച്ചുകളിലും ജനം ഒഴുകിയെത്തി. മാളുകൾ വ്യത്യസ്ത കലാരൂപങ്ങൾക്ക് സാക്ഷ്യംവഹിച്ചു.
പലയിടങ്ങളിലും കരിമരുന്ന് പ്രയോഗങ്ങളുമുണ്ടായി. കുവൈത്ത് ടവറും ഗൾഫ് സ്ട്രീറ്റും ഗ്രീൻ ഐലൻഡും ആഘോഷങ്ങളുടെ കേന്ദ്രമായി. ചൊവ്വാഴ്ച കരിമരുന്ന് പ്രയോഗത്തോടെ ആഘോഷങ്ങൾക്ക് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.