കുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി ഒരുങ്ങുന്നത് വിവിധ പരിപാടികൾ. കുവൈത്തിന്റെ മഹത്വവും അഭിമാനവും അടയാളപ്പെടുത്തുന്ന വിവിധ ആഘോഷ പരിപാടികളിൽ എല്ലാ ഉദ്യോഗസ്ഥരും വ്യാപൃതരാണെന്ന് വാർത്താവിതരണ മന്ത്രാലയത്തിലെ മാധ്യമ സേവനങ്ങളുടെയും നവമാധ്യമങ്ങളുടെയും അസിസ്റ്റൻറ് അണ്ടർസെക്രട്ടറി സാദ് അൽ അസ്മി പറഞ്ഞു.
എല്ലാ പൗരന്മാരെയും പ്രവാസികളെയും ഒരുപോലെ ആഘോഷത്തിൽ ഭാഗമാക്കുന്ന സംയോജിത പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകൾ, സ്ഥാപനങ്ങൾ, പൊതുക്ഷേമ സൊസൈറ്റികൾ എന്നിവയെ പരിപാടികളിൽ ഭാഗമാക്കും. ആഘോഷങ്ങൾ അതിന്റെ സന്ദേശം കൈമാറുന്നതിനും ദേശസ്നേഹം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്നും അൽ അസ്മി പറഞ്ഞു. ‘ഉത്തരവാദിത്തത്തോടെ ആഘോഷിക്കൂ’ എന്ന ശീർഷകത്തിൽ ദേശീയ ഐക്യത്തിന്റെയും മാതൃരാജ്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ആഘോഷ വേളയിൽ ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കും. കുവൈത്തിന്റെ ചരിത്രം, കടൽ, കര പൈതൃകങ്ങൾ എന്നിവയെക്കുറിച്ച് അടുത്തറിയുന്നതിനും കുവൈത്ത് കരകൗശല വസ്തുക്കൾ, പഴയ കാല തൊഴിലുകൾ, ഉപകരണങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടിയും ഉണ്ടാകും.
കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകൾ മുതലുള്ള കുവൈത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചരിത്രപരമായ ടെലിവിഷൻ, റേഡിയോ പരിപാടികൾ പ്രദർശിപ്പിക്കുന്ന ‘ഓർമ്മകളുടെ പാത’എന്ന പേരിൽ ഡിജിറ്റൽ എക്സിബിഷനും ഒരുക്കും. അവന്യൂസ് മാളിലാകും ഇതിന്റെ പ്രദർശനം. ആഘോഷ ഭാഗമായി രാജ്യത്ത് ഉടനീളം ദേശീയ പതാകകൾ, ബഹുവർണങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രാജ്യം പൂർമായും ആഘോഷത്തിന്റെ നിറങ്ങളിൽ മുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.