കുവൈത്ത്സിറ്റി: കുവൈത്തിന് ഫെബ്രുവരി ആഘോഷത്തിന്റെ മാസമാണ്. ദേശീയ-വിമോചന ദിനങ്ങൾ ഒരുമിക്കുന്ന മാസം. അഭിമാനത്തിന്റെയും വിജയത്തിന്റെയും മാസമായി കുവൈത്ത് ജനത ഈ മാസത്തെ ആഘോഷിക്കുന്നു. ബയാൻ പാലസിലും ആറ് ഗവർണറേറ്റുകളിലും ദേശീയ പതാക ഉയർന്നതോടെ ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായി. ഫെബ്രുവരി 25,26 ദിവസങ്ങളിലാണ് രാജ്യം ദേശീയ-വിമോചന ദിനമായി ആഘോഷിക്കുന്നത്. അതിനായുള്ള മുന്നൊരുക്കങ്ങൾക്ക് രാജ്യം ഒരുങ്ങിക്കഴിഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് കൊടിതോരണങ്ങൾ ഉയർന്നു. കുവൈത്തിന്റെ വസന്തോത്സവം കൂടിയാണ് ‘ഹലാ ഫെബ്രുവരി’. ഒരുമാസമായി നടക്കുന്ന ആഘോഷത്തിൽ രാജ്യത്തെ ടൂറിസം, ഷോപ്പിങ് മേഖലക്ക് ഉണർവേകുന്ന നിരവധി പരിപാടികളുണ്ടാവും. കുവൈത്ത് സിറ്റി, സാൽമിയ ഭാഗങ്ങളിലാകും പരിപാടികളുടെ പ്രധാന ഇടങ്ങൾ. ഗ്രീൻ ഐലൻഡിലും നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വൈകുന്നേരങ്ങളിൽ വിവിധ ഷോപ്പിങ് കേന്ദ്രങ്ങളിൽ കലാ, വിനോദ പരിപാടികൾ നടക്കും.
1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. ഈ ദിനത്തിലാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്. 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റി. രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിന്റെ ശിൽപി എന്നറിയപ്പെടുന്ന 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടന്ന ഫെബ്രുവരി 25ന്റെ സ്മരണയിലാണ് ഈ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിച്ചത്.
1991 ഫെബ്രുവരി 26ന് ഇറാഖി അധിനിവേശത്തിൽ മുക്തി നേടിയതിന്റെ ഓർമക്കാണ് വിമോചന ദിനം ആഘോഷിക്കുന്നത്. ഇതോടെ ഫെബ്രുവരി 25,26 തീയതികൾ രാജ്യത്തിന് ദേശീയ ആഘോഷ ദിനങ്ങളായി മാറി.
കുവൈത്ത്സിറ്റി: ദേശീയ- വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 25, 26 തീയതികളിൽ രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് സിവിൽ സർവിസ് കമീഷൻ അറിയിച്ചു. ഈ ദിവസങ്ങളിൽ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ല.
എന്നാൽ അടിയന്തര സ്വഭാവമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കും. 27നാണ് പ്രവൃത്തികൾ പുനരാരംഭിക്കുക. ഞായർ, തിങ്കൾ ദിനങ്ങളിലാണ് ദേശീയ-വിമോചന ദിനങ്ങൾ എന്നതിനാൽ വെള്ളി, ശനി എന്ന പതിവ് അവധിക്കൊപ്പം തൊഴിലാളികൾക്ക് നാലു ദിവസം തുടർച്ചയായി അവധി ലഭിക്കും.
കുവൈത്ത്സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി രാജ്യത്ത് വിവിധ ഇടങ്ങളിൽ ദേശീയ പതാകകൾ സ്ഥാപിച്ചു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമായി 183 റോഡ് പരസ്യങ്ങളും പഴയ പതാകകൾക്ക് പകരം 3,880 പുതിയ പതാകകളും സ്ഥാപിച്ചിട്ടുണ്ടെന്ന് പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടറും മുനിസിപ്പാലിറ്റി വക്താവുമായ മുഹമ്മദ് അൽ സിന്ദൻ അറിയിച്ചു. പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ പൗരന്മാരും താമസക്കാരും മുനിസിപ്പാലിറ്റി സ്ഥാപനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.