പുതിയ സർക്കാർ: 15 മന്ത്രിമാർ, രണ്ട് ഉപപ്രധാനമന്ത്രിമാർ

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഉള്ളത് 15 മന്ത്രിമാർ. രാജിവെച്ച സർക്കാറിൽ 12 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. അതിൽ ചിലരെ നിലനിർത്തുകയും രണ്ട് വനിതകളെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു. മുൻ മന്ത്രിസഭയിൽ ഉണ്ടായിരുന്ന തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹാണ് മന്ത്രിസഭയിൽ ഒന്നാമൻ.

ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ, ആഭ്യന്തരമന്ത്രി എന്നിവയുടെ ചുമതലകൾ ഇദ്ദേഹം വഹിക്കും. ഡോ. മുഹമ്മദ് അബ്ദുലത്തീഫ് അൽഫാരിസ്, ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ, കാബിനറ്റ് കാര്യ സഹമന്ത്രി എന്നിവയിൽ ശ്രദ്ധിക്കും. ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് (വിദേശകാര്യം), ഡോ. റന അൽ ഫാരിസ് (മുനിസിപ്പൽകാര്യ സഹമന്ത്രി, വാർത്തവിനിമയം, ഐ.ടി), അബ്ദുറഹ്മാൻ ബദാ അൽ മുതൈരി (ഇൻഫർമേഷൻ, യുവജനകാര്യം), അബ്ദുൽ വഹാബ് മുഹമ്മദ് അൽ റുഷൈദ് (ധനകാര്യം, സാമ്പത്തിക-നിക്ഷേപ സഹമന്ത്രി), ഡോ. അഹ്മദ് അബ്ദുൽ വഹാബ് അൽ അവാദി (ആരോഗ്യം), ഹുസൈൻ ഇസ്മായീൽ മുഹമ്മദ് (എണ്ണ വകുപ്പ്), ഡോ. ഖഫീല അൽ ഹുമൈദ (ദേശീയ അസംബ്ലികാര്യം, ഭവനകാര്യം, നഗരവികസന സഹമന്ത്രി), അബ്ദുല്ല അലി അബ്ദുല്ല അൽ സലീം അസ്സബാഹ് (പ്രതിരോധം), അമ്മാർ മുഹമ്മദ് അൽ അജ്മി (പൊതുകാര്യം, ജലം, വൈദ്യുതി), മാസൻ സാദ് അൽനാദിഹ് (വാണിജ്യ വ്യവസായം), മുതാന താലിബ് സയ്യിദ് അബ്ദുറഹ്മാൻ അൽ റഫായി (വിദ്യാഭ്യാസം, ഉന്നതപഠനം, ശാസ്ത്ര ഗവേഷണം), ഡോ. മുഹമ്മദ് ബു സുബാർ (നീതി, ഇസ്‍ലാമിക കാര്യം), അഡ്വൈസർ ഹുദാ അബ്ദുൽ മോശൻ അൽ ഷാജി (സാമൂഹ്യനീതി, സാമൂഹിക വികസനം, വനിത-ശിശുക്ഷേമകാര്യ സഹമന്ത്രി) എന്നിങ്ങനെയാണ് മറ്റു മന്ത്രിമാരും വകുപ്പുകളും.

രണ്ടു വനിതകൾ

പുതിയ മന്ത്രിസഭയിൽ രണ്ടു വനിതകളും ഇടം പിടിച്ചു. ഡോ. റന അൽ ഫാരിസ്, അഡ്വൈസർ ഹുദാ അബ്ദുൽമോശൻ അൽ ഷാജി എന്നിവരാണ് വനിത മുഖങ്ങൾ. മുനിസിപ്പൽകാര്യ സഹമന്ത്രി, വാർത്തവിനിമയം, ഐ.ടി എന്നിവയുടെ ചുമതലയാണ് ഡോ. റന അൽ ഫാരിസ് വഹിക്കുക. അഡ്വൈസർ ഹുദാ അബ്ദുൽമോശൻ അൽ ഷാജി സാമൂഹ്യ നീതി, സാമൂഹിക വികസനം, വനിത-ശിശുക്ഷേമകാര്യ സഹമന്ത്രിയായി പ്രവർത്തിക്കും. ദേശീയ അസംബ്ലിയിലേക്കും ഇത്തവണ രണ്ടു വനിതകൾ വിജയിച്ചിരുന്നു. രണ്ടാം മണ്ഡലത്തിൽ നിന്ന് ആലീ ഫൈസൽ അൽ ഖാലിദ്, മൂന്നാം മണ്ഡലത്തിൽനിന്ന് ജിനാൻ ബുഷെഹ്‍രി എന്നിവരാണ് ദേശീയ അസംബ്ലിയിലെത്തിയത്.

സമയം കളയാതെയുള്ള നീക്കങ്ങൾ

സെപ്റ്റംബർ 29ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനത്തിനും പിറകെ രാജ്യത്ത് നടന്നത് അതിവേഗത്തിലുള്ള നീക്കങ്ങൾ. സർക്കാർ രാജിവെക്കൽ അടക്കമുള്ള ഭരണഘടന പ്രകാരമുള്ള നടപടികളിലേക്ക് മന്ത്രിസഭ ഉടനെത്തന്നെ കടന്നു. ഒക്ടോബർ ഒന്നിന് പ്രത്യേക മന്ത്രിസഭ യോഗം ചേരുകയും രാജിവെക്കാൻ തീരുമാനിക്കുകയും ചെയ്തു. 17ാം ദേശീയ അസംബ്ലിയുടെ ആദ്യ സെഷൻ 11ന് ചേരാനും മന്ത്രിസഭ തീരുമാനത്തിലെത്തി. ഒക്ടോബർ രണ്ടിന് അമീർ രാജി അംഗീകരിച്ചു. പിറകെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് മൂന്ന് മുൻ പ്രധാനമന്ത്രിമാരുമായും സ്പീക്കർമാരുമായി ചർച്ച നടത്തി. ഇവയുടെ വിശദാംശങ്ങൾ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് മുമ്പാകെ കിരീടാവകാശി അവതരിപ്പിച്ചു. ഒക്ടോബർ അഞ്ചിന് ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി പുനർ നിയമിച്ച് ഉത്തരവിറങ്ങി. മന്ത്രിമാരെ തിരഞ്ഞെടുക്കാനുള്ള ചുമതലയും അദ്ദേഹത്തിന് നൽകി. വൈകാതെ മന്ത്രിമാരുടെ പട്ടിക പ്രധാനമന്ത്രി കിരീടാവകാശിക്ക് കൈമാറി. അഞ്ചിന് രാത്രിയോടെ മന്ത്രിമാരുടെ പട്ടിക അമീർ അംഗീകരിച്ച് ഉത്തരവിറങ്ങി.

60 വർഷം 41 സർക്കാറുകൾ

ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ വീണ്ടും പ്രധാനമന്ത്രിയായി അമീർ നിയമിച്ചതോടെ കുവൈത്തിൽ നിലവിൽവന്നത് 41ാമത് മന്ത്രിസഭ. 1962ലാണ് രാജ്യത്ത് ആദ്യ സർക്കാർ നിലവിൽവന്നത്. ഇതിന്റെ 60 വർഷം പൂർത്തീകരിച്ച ഘട്ടം കൂടിയാണിത്. ശൈഖ് അബ്ദുല്ല അൽ സലീം അസ്സബാഹ് അമീറായിരിക്കെ1962 ജനുവരി 17ന് നിലവിൽ വന്ന ആദ്യ സർക്കാറിൽ 14 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. കുവൈത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു അത്. ഭരണഘടനരൂപവത്കരണം പോലുള്ള സുപ്രധാന നടപടികൾക്ക് തുടക്കമിട്ടത് ഈ സർക്കാറാണ്. 1963 ജനുവരി 27ന് ആദ്യ സർക്കാർ സ്ഥാനമൊഴിഞ്ഞു. ശൈഖ് സബാഹ് അൽ സലീം അസ്സബാഹിന്റെ നേതൃത്വത്തിൽ 1963 ജനുവരി 28ന് രണ്ടാം സർക്കാർ ചുമതലയേറ്റു. 15 മന്ത്രിമാർ ഉണ്ടായിരുന്ന മന്ത്രിസഭ 1964 ഡിസംബർ അഞ്ചിന് ഒഴിഞ്ഞു. പിറ്റേദിവസംതന്നെ ശൈഖ് സബാഹ് അൽ സലീമിന്റെ നേതൃത്വത്തിൽ 14 അംഗ മന്ത്രിസഭ നിലവിൽവന്നു. മന്ത്രിമാരിൽ നാലുപേർ പാർലമെന്റ് എം.പിമാരിൽ നിന്നുള്ളവരായിരുന്നു. ഭരണഘടന ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തിൽ 28 ദിവസങ്ങൾക്കുശേഷം ഈ മന്ത്രിസഭക്ക് രാജിവെക്കേണ്ടിവന്നു. 1965 ജനുവരി മൂന്നിന് നാലാം മന്ത്രിസഭ നിലവിൽവന്നു. 13 പേർ ഉൾപ്പെട്ടതായിരുന്നു ഈ മന്ത്രിസഭ. തുടർന്ന് ഇതുവരെ വിവിധ മന്ത്രിസഭകൾ രാജ്യത്തെ പ്രതിനിധാനംചെയ്തു. 2022 ആഗസ്റ്റ് ഒന്നിനാണ് 40ാമത്തെ പ്രധാനമന്ത്രിയായി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് ചുമതലയേറ്റത്. ഒക്ടോബർ രണ്ടിന് അദ്ദേഹത്തിന്റെ രാജി അമീർ അംഗീകരിച്ചു. തുടർന്ന് ഒക്ടോബർ അഞ്ചിന് 41ാം മന്ത്രിസഭയുടെ അമരക്കാരനായി വീണ്ടും ചുമതലയേറ്റു.

രാഷ്ട്രീയസ്ഥിരത പ്രതീക്ഷിച്ച് ജനങ്ങൾ

ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് പൂർത്തിയാകുകയും ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ മന്ത്രിസഭ പ്രഖ്യാപനം വരുകയും ചെയ്തതോടെ രാജ്യത്ത് രാഷ്ട്രീയസ്ഥിരത കൈവരുമെന്ന പ്രതീക്ഷയിലാണ് ജനം. തുടർച്ചയായ തെരഞ്ഞെടുപ്പുകളും സർക്കാർ മാറ്റങ്ങളും രാജ്യത്തിന്റെ വികസന പ്രക്രിയകളിൽ മന്ദിപ്പുണ്ടാക്കിയതായി വിലയിരുത്തലുകളുണ്ടായിരുന്നു. പാർലമെന്റും സർക്കാറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഇതിന് കാരണമായി. ഇവക്ക് അന്ത്യം കാണണമെന്നും രാഷ്ട്രീയ സ്ഥിരത വേണമെന്നും ജനങ്ങളും നേതാക്കളും ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലും അത് ചർച്ചയായി. സർക്കാറുമായി ഏറ്റുമുട്ടലിനില്ലെന്നും നല്ല കാര്യങ്ങൾക്ക് സഹകരിക്കുമെന്നും വിജയിച്ച എം.പിമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് നല്ല സൂചനയായാണ് നിരീക്ഷകർ കാണുന്നത്. 11ന് ദേശീയ അസംബ്ലിയുടെ ആദ്യ സെഷൻ തീരുമാനിച്ചിട്ടുണ്ട്.

1962ൽ നടന്ന ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം കുവൈത്ത് ദേശീയ അസംബ്ലിയിലേക്ക് 17 തെരഞ്ഞെടുപ്പുകളാണ് നടന്നത്. അതേസമയം, മന്ത്രിസഭയിൽ ചേരാൻ ചിലർ വിസമ്മതം അറിയിച്ചതായും സൂചനയുണ്ട്. അങ്ങനെയാണെങ്കിൽ മന്ത്രിസഭയിൽ ചെറിയ മാറ്റങ്ങൾ വന്നേക്കും.

Tags:    
News Summary - New government: 15 ministers, Two Deputy Prime Ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.