കുവൈത്ത് സിറ്റി: കോവിഡിന്റെ പുതിയ വകഭേദം ആശങ്ക ഉയർത്തുന്നതല്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ് പറഞ്ഞു. ജാഗ്രതയോടെയുള്ള പ്രവർത്തനഫലമായി കോവിഡ് വകഭേദങ്ങളെ ഫലപ്രദമായി നേരിടാൻ ആരോഗ്യ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വ്യാപിക്കുന്ന കോവിഡ് വകഭേദം നേരത്തെ കുവൈത്തിൽ റിപ്പോർട്ട് ചെയ്തതാണെന്നും അവ പുതിയതോ ആശങ്ക ഉയർത്തുന്നതോ അല്ലെന്നും ഡോ. ഖാലിദ് അൽ സയീദ് പറഞ്ഞു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട മ്യൂട്ടേഷനുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സമയങ്ങളിലെല്ലാം കരുതലോടെ പ്രതിരോധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വകഭേദങ്ങൾ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. ചിലയിടങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും അടച്ചുപൂട്ടലുകൾക്ക് കാരണമാകുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
രാജ്യത്തെ ആരോഗ്യ സ്ഥിതി ഏറെ മെച്ചപ്പെട്ട അവസ്ഥയിലാണ്. മഹാമാരിയുമായി ബന്ധപ്പെട്ട് പ്രാദേശികവും അന്തർദേശീയവുമായ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആഗോള സാഹചര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട ആരോഗ്യ ടീമുകൾ 24 മണിക്കൂറും പ്രവർത്തനനിരതമാണ്.
ആരോഗ്യ സംഘടനകളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. മന്ത്രാലയത്തിന്റെ കൊറോണ കമ്മിറ്റി എല്ലാ ഗവർണറേറ്റുകളിലെയും ആരോഗ്യ വിഭാഗവുമായി ഏകോപിപ്പിച്ച് ചുമതലകൾ നിർവഹിക്കുന്നു. കുത്തിവെപ്പിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞത് വൈറസിനെതിരായ പോരാട്ടത്തിൽ കുവൈത്തിന് കരുത്ത് നൽകിയെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.