കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചസമയത്തെ പുറംജോലി വിലക്ക് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ. മുൻവർഷങ്ങളിലേതുപോലെ ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കേർപ്പെടുത്തുക. ഈ കാലയളവിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സൂര്യാതപം ഏൽക്കുന്നതരത്തിൽ തുറന്നസ്ഥലങ്ങളിൽ ജോലിചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല.
രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാതപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തുന്നത്. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നകാര്യം കർശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങൾ പരിശോധന തുടങ്ങും.
നിയമലംഘനം കണ്ടെത്താൻ നിരീക്ഷകർക്ക് സ്മാർട്ട് മെഷീൻ ലഭ്യമാക്കും. നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ ആദ്യം നോട്ടീസ് നൽകും. പിന്നീടും ഇത് ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദീനാർ എന്ന കണക്കിൽ പിഴയും സ്ഥാപനങ്ങൾക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും. വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കുന്നതുൾപ്പെടെ നടപടികളുണ്ടാവും.
ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിന് മുമ്പ് രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലിചെയ്യിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.