കുവൈത്ത് സിറ്റി: മന്നത്തു പദ്മനാഭന്റെ 146ാമത് ജന്മദിന ആഘോഷ ഭാഗമായി നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ്) കുവൈത്ത് ആഘോഷപരിപാടികൾ സംഘടിപ്പിക്കും.
വെള്ളിയാഴ്ച വൈകീട്ട് 4.30ന് മൈദാൻ ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിലാണ് പരിപാടിയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘മന്നം ജയന്തി 2023’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം, സംഗീത സന്ധ്യ എന്നിവ ഉണ്ടാകും. സാംസ്കാരിക സമ്മേളനം കേരള പൊലീസ് മുൻ ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും.
സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് നൽകുന്ന മന്നം പുരസ്കാരം, മന്നം ജയന്തിയോടനുബന്ധിച്ച് അംഗങ്ങൾക്കിടയിൽ സംഘടിപ്പിച്ച ‘രചനോത്സവം’ സാഹിത്യ രചന മത്സര വിജയികൾക്കുള്ള സമ്മാനം എന്നിവയും ചടങ്ങിൽ വിതരണം ചെയ്യും. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിൽനിന്നും സാമൂഹിക സേവനം, വ്യവസായം, വിദ്യാഭ്യാസം, സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തികളെ സാംസ്കാരിക സമ്മേളന വേദിയിൽ ആദരിക്കും.
വാർത്തസമ്മേളനത്തിൽ എൻ.എസ്.എസ് കുവൈത്ത് പ്രസിഡന്റ് ടി.പി. പ്രതാപ് ചന്ദ്രൻ, ജനറൽ സെക്രട്ടറി കാർത്തിക് നാരായണൻ, ട്രഷറർ അശോക് കുമാർ പിള്ള, വനിത സമാജം കൺവീനർ കീർത്തി സുമേഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.