കുവൈത്ത് സിറ്റി: രാജ്യത്ത് കൊളസ്ട്രോൾ ഉള്ളവരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ഈ ജീവിതശൈലീ രോഗത്തിന്റെ പിടിയിലാകുന്നുണ്ട്. ലോക ഹൃദയദിനത്തോടനുബന്ധിച്ച് കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ സംഘടിപ്പിച്ച കൊളസ്ട്രോൾ ബോധവത്കരണ കാമ്പയിനോടനുബന്ധിച്ച് നടത്തിയ സെമിനാറിലാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രാജ്യത്ത് 20 ശതമാനത്തിലേറെ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. റാഷിദ് അൽ അവൈഷ് പറഞ്ഞു. പ്രമേഹം അല്ലെങ്കിൽ അമിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ ഫലമായി ചീത്ത കൊളസ്ട്രോളിന്റെ അളവും ഉയർന്നേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ഫുഡ് ഉള്‍പ്പെടെ തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവുമാണ് ആളുകളുടെ കൊളസ്ട്രോൾ ഉയർച്ചക്ക് കാരണം. നവംബർ മുതല്‍ അടുത്ത ഏഴു മാസം രാജ്യത്തുടനീളം മൊബൈൽ ഹൃദ്രോഗ ബോധവത്കരണ കാമ്പയിനുകള്‍ സംഘടിപ്പിക്കും. സഹകരണ സംഘങ്ങൾ, വാണിജ്യ മാളുകൾ, സ്കൂളുകൾ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മൊബൈൽ യൂനിറ്റ് സ്ഥാപിക്കും. മൊബൈല്‍ യൂനിറ്റുകള്‍ വഴി പ്രതിമാസം 400 മുതൽ 500 വരെ ആളുകള്‍ക്ക് സേവനം നല്കാന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. അൽ അവൈഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.