കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നഴ്സിങ് ജോലിക്ക് വരുന്നവർ ഇടനിലക്കാർക്ക് പണം കൊടുക്കരുതെന്ന് ഓർമിപ്പിച്ച് ഇന്ത്യൻ അംബാസഡർ സിബി ജോർജ്. ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ കരാറിൽ പറഞ്ഞിട്ടുള്ള മുഴുവൻ ശമ്പളവും നൽകാതെയുള്ള റിക്രൂട്ട്മെന്റ് അംഗീകരിക്കില്ല. ആരോഗ്യ മന്ത്രാലയത്തിലേക്ക് റിക്രൂട്ട്മെന്റിന് ഇടനിലക്കാർക്ക് പണം നൽകുകയും വേണ്ട.
റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അനധികൃതവും തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതുമായ പരസ്യങ്ങളും ഇടപെടലുകളും എംബസിയുടെ ശ്രദ്ധയിൽപെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഓൺലൈനായി പങ്കെടുക്കണമെന്ന് കുവൈത്തിലെ മുഴുവൻ ഇന്ത്യക്കാരോടും അംബാസഡർ ആഹ്വാനം ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വെർച്വലായാണ് ഇത്തവണ ഓപൺ ഹൗസ് സംഘടിപ്പിച്ചത്. സൂം ആപ്ലിക്കേഷൻ വഴി നിരവധി പേർ ഓപൺ ഹൗസിൽ പങ്കെടുത്തു.
പുതിയ പാസ്പോർട്ട്, കോൺസുലർ ഔട്ട്സോഴ്സിങ് സെന്റർ, നഴ്സിങ് റിക്രൂട്ട്മെൻറ്, ഒമിക്രോൺ വെല്ലുവിളി എന്നിവയായിരുന്നു പ്രധാന അജണ്ട. ഈ മാസം തുറന്ന ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ മികച്ചതാണെന്ന് പ്രതീക്ഷിക്കുന്നു. പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. എംബസി ഉദ്യോഗസ്ഥരെ മൂന്നിടത്തും വിന്യസിച്ചിട്ടുണ്ട്. രാത്രി ഒമ്പത് വരെ അവർ അവിടെയുണ്ടാകും. സേവനങ്ങൾ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ സമൂഹത്തിന് സുഗമമായ കോൺസുലാർ സേവനം നൽകുന്നത് പ്രഥമ മുൻഗണനകളിലൊന്നാണ്. ഭൂരിഭാഗം അറ്റസ്റ്റേഷൻ ജോലികളും ഇപ്പോൾ ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സേവനങ്ങൾ ആളുകൾക്ക് അവരുടെ താമസ സ്ഥലത്തിന് അടുത്ത് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
വാരാന്ത്യങ്ങളിൽ ഉൾപ്പെടെ എല്ലാ ദിവസവും രാത്രി എട്ടുവരെ ഔട്ട്സോഴ്സിങ് കേന്ദ്രങ്ങൾ തുറന്നിടുന്നു. ഇത് ഓഫിസുകളിൽനിന്ന് അവധിയെടുക്കാതെയും എംബസിയിലേക്ക് ടാക്സി വിളിക്കാതെയും സേവനങ്ങൾ നേടാൻ സഹായിക്കുന്നു.
അതുപോലെ, പല സേവനങ്ങൾക്കും ഫീസും കുറക്കാൻ കഴിഞ്ഞു. ഉദാഹരണത്തിന് ഫോട്ടോ സേവനങ്ങൾക്കുള്ള ഫീസ് മുൻകാലങ്ങളിൽ 2.750 ദീനാർ ആയിരുന്നത് ഇപ്പോൾ 300 ഫിൽസ് ആയി കുറച്ചു. വിസകൾക്കുള്ള ഫോറം പൂരിപ്പിക്കൽ മൂന്ന് ദീനാറിൽനിന്ന് 100 ഫിൽസായും പാസ്പോർട്ടുകൾക്കുള്ള ഫോറം പൂരിപ്പിക്കൽ ഒരു ദീനാറിൽനിന്ന് 100 ഫിൽസായും ഫോറം പൂരിപ്പിക്കാനുള്ള ഇന്റർനെറ്റ് സൗകര്യത്തിന് ഒരു ദീനാറിൽനിന്ന് 100 ഫിൽസായും കുറക്കാൻ കഴിഞ്ഞു. ജനങ്ങൾക്ക് മികച്ച കോൺസുലാർ സേവനവും കുറഞ്ഞ ചെലവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. സേവനങ്ങൾ നിരന്തരം മെച്ചപ്പെടുത്താൻ നിങ്ങളുടെ അഭിപ്രായ നിർദേശങ്ങൾ ലഭിക്കണം.
ഒന്നിലധികം ഭാഷകളിൽ സൂക്ഷിച്ചിരിക്കുന്ന ഫീഡ്ബാക്ക് ഫോറങ്ങൾ പൂരിപ്പിച്ച് ബോക്സുകളിൽ ഇടുക. അവയെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും സിബി ജോർജ് കൂട്ടിച്ചേർത്തു. എംബസിയുടെ കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രസന്റേഷനും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.