കുവൈത്ത് സിറ്റി: കാൽപന്ത് കളിയുടെ വിശ്വമേളക്ക് ഗൾഫ് ഭൂമികയിൽ ആരവമുയരുമ്പോൾ ലോകകപ്പ് ഫുട്ബാൾ കളിച്ചതിന്റെ കുളിരോർമയിലാണ് കുവൈത്തിലെ പഴയ പടക്കുതിരകൾ. നാല് പതിറ്റാണ്ട് മുമ്പ് പശ്ചിമ ജർമനിയെ ഫൈനലിൽ കീഴടക്കി ഇറ്റലി കപ്പുയർത്തിയ 1982 ലോകകപ്പിലാണ് കുവൈത്ത് പന്തുതട്ടിയത്. ഗ്രൂപ്പ് നാലിൽ കരുത്തരായ ഇംഗ്ലണ്ട്, ഫ്രാൻസ്, ചെക്കോസ്ലോവാക്യ എന്നിവയോടൊപ്പമായിരുന്നു കുവൈത്ത്. ജൂൺ 17ന് ചെക്കോസ്ലോവാക്യക്കെതിരെ ആദ്യ മത്സരത്തിൽ 1-1ന് സമനില പാലിച്ചായിരുന്നു ടീമിന്റെ തുടക്കം. രണ്ടാം മത്സരത്തിൽ ശക്തരായ ഫ്രാൻസിനോട് ഒന്നിനെതിരെ നാല് ഗോളിന് തോറ്റു. അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനോട് ഏകപക്ഷീയമായ ഒരു ഗോളിന് കീഴടങ്ങിയതോടെ ആദ്യ റൗണ്ട് കടക്കാൻ കഴിയാതെ പുറത്തായി. ഫ്രാൻസ് ചെക്കോസ്ലോവാക്യയോട് തോറ്റതിനാൽ ഉശിരോടെ പൊരുതിയ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിലെ തോൽപിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഗ്രൂപ്പ് ജേതാക്കളായി തന്നെ രണ്ടാം റൗണ്ടിലെത്താമായിരുന്നു.
എന്നാൽ, ഭാഗ്യം തുണക്കാതെ പോയി. എങ്കിലും ആഞ്ഞുപൊരുതിയ അഭിമാനത്തോടെ തലയുയർത്തി തന്നെയാണ് കുവൈത്ത് ടീം മടങ്ങിയത്. രാജ്യത്ത് അവർക്ക് രാജകീയ വരവേൽപും ലഭിച്ചു. അബ്ദുല്ല അൽ ബലൂഷി, ഫൈസൽ അൽ ദാഖിൽ എന്നിവർ ലോകകപ്പിൽ ഗോൾ നേടിയ കുവൈത്ത് കളിക്കാരായി രേഖകളിൽ ഇടംപിടിച്ചു. ലോകകപ്പ് വേദിയിൽ കുവൈത്ത് ദേശീയഗാനം മുഴങ്ങാൻ അവസരമുണ്ടായതിൽ അഭിമാനമുണ്ടെന്ന് അന്നത്തെ നായകൻ സഅദ് അൽ ഹൂതി കുവൈത്ത് ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു.
മൊറോക്കോ, പോർചുഗൽ എന്നിവിടങ്ങളിൽ പരിശീലന ക്യാമ്പുകൾ നടത്തിയിരുന്നതായും നിരവധി സൗഹൃദമത്സരം കളിച്ച് പരിചയസമ്പത്ത് നേടിയതാണ് യോഗ്യത നേടാൻ സഹായിച്ചതെന്നും അന്നത്തെ സ്റ്റാർ സ്ട്രൈക്കർ അബ്ദുല്ല അൽ മയൂഫ് പറഞ്ഞു. ഇപ്പോൾ കുവൈത്ത് ഫുട്ബാൾ ടീമിന്റെ പ്രതാപം നഷ്ടപ്പെട്ടതിൽ നിരാശയുണ്ടെന്നും കൃത്യമായ ആസൂത്രണവും കഠിനമായ പരിശ്രമവും ഉണ്ടെങ്കിൽ ഇനിയും നേട്ടങ്ങൾ കൊയ്യാനുള്ള കരുത്ത് കുവൈത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.