കുവൈത്ത് സിറ്റി: പാരിസ് ഒളിമ്പിക്സിൽ ഉയർന്നുപറന്ന് കുവൈത്ത് പതാകയും. ഉദ്ഘാടന ചടങ്ങിൽ ഫെൻസിങ് താരം യൂസഫ് അൽ ഷംലാനും തുഴച്ചിൽ താരം സുആദ് അൽ ഫഖാനും കുവൈത്ത് പതാക വഹിച്ചു. സൈൻ നദിയിലുടെ ഒഴുകി നീങ്ങിയ നൗകയിൽ കുവൈത്ത് പതാകയുമായി മറ്റു താരങ്ങളും കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പ്രതിനിധികളും ആഘോഷപൂർവം പങ്കാളികളായി.
ആസ്റ്റർ ലിറ്റ്സ് പാലത്തിനരികിൽനിന്ന് തുടങ്ങുന്ന ഉദ്ഘാടനച്ചടങ്ങ് ജർദിൻ ഡെസ് പ്ലാന്റസിലാ അവസാനിച്ചത്. കുവൈത്ത് ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ശൈഖ് ഫഹദ് നാസർ സബാഹ് അൽ അഹമ്മദ് അസ്സബാഹും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഫെൻസിങ് താരം യൂസഫ് അൽ ഷംലാൻ തുഴച്ചിൽ താരം സുആദ് അൽ ഫഖാൻ എന്നിവർ ശനിയാഴ്ച ആദ്യ റൗണ്ട് മത്സരത്തിനിറങ്ങി. നാലാം സഥാനത്തോടെ മികച്ച പ്രകടനം പുറത്തെടുത്ത സുആദ് അൽ ഫഖാൻ ഞായറാഴ്ച അടുത്ത റൗണ്ട് മത്സരത്തിനിറങ്ങും.
അതേസമയം, ഫെൻസിങിൽ മെഡൽ പ്രതീക്ഷയുണ്ടായിരുന്ന യൂസഫ് അൽ ഷംലാൻ ജർമനിയുടെ മാത്യൂസ് സാബോയോട് 6-15 എന്ന സ്കോറിന് തോറ്റു. ഇതോടെ യൂസഫ് അൽ ഷംലാന്റെയും കുവൈത്തിന്റെയും ഈ ഇനത്തിലെ പ്രതീക്ഷകൾ അസ്തമിച്ചു.
നീന്തലിൽ ലാറ ദഷ്തി, ഷൂട്ടിംഗിൽ ഖാലിദ് അൽ മുദാഫ് എന്നിവരുടെ മത്സരങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി നടക്കും. ചൊവ്വാഴ്ച നീന്തൽ താരം മുഹമ്മദ് അൽ സുബൈദ് 100 മീറ്റർ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ പങ്കെടുക്കും. ആഗസ്റ്റ് രണ്ടിന് ഷൂട്ടർ മുഹമ്മദ് അൽ ദൈഹാനി മത്സരത്തിനിറങ്ങും.
വനിതാ താരം അമീന ഷായും ഈ ദിവസം സെയിലിങ് മത്സരത്തിൽ പങ്കെടുക്കും. ആഗസ്റ്റ് നാലിന് യാക്കൂബ് അൽ യോഹ 110 മീറ്റർ ഹർഡിൽസിലും അമൽ അൽ റൂമി 800 മീറ്റർ വിഭാഗത്തിലും ട്രാക്കിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.