ഓ​ണം ആ​ഘോ​ഷ​ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ​ത്തി​യ ‘മ​ഹാ​ബ​ലി’ 

ഫോ​ട്ടോ-​ബി​ജു മു​ചു​കു​ന്ന്

ഓണം: ഓർമകളുടെ കൊടിയേറ്റം

കുവൈത്ത് സിറ്റി: ഇന്ന് ഓണം. മലയാളിയുടെ ദേശീയ ഉത്സവം. ലോകത്തിന്റെ പല ഭാഗങ്ങളിലുമായിരിക്കുമ്പോഴും കേരളീയ ഗൃഹാതുരതയിലേക്ക് മലയാളി മടങ്ങിപ്പോകുന്ന ദിനം. പുതുവസ്ത്രങ്ങൾ അണിഞ്ഞും 'നാടൻ'സദ്യ ഒരുക്കിയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരുമിച്ചുചേർത്തും സന്ദർശിച്ചും മലയാളി ഈ ദിവസം ആഘോഷമാക്കുന്നു. ഓണം സൗഹൃദങ്ങളുടെ, ഒരുമിച്ചുചേരലുകളുടെ ദിനമാണ്. എല്ലാവരും ഒന്നുപോലെ എന്ന മന്ത്രണം ഉള്ളിൽ ഉരുവിട്ട് വലുപ്പച്ചെറുപ്പമില്ലാതെ, ഉള്ളവനും ഇല്ലാത്തവനും എന്ന അന്തരമില്ലാതെ മലയാളി ഒരുമിച്ചിരിക്കുന്ന ദിനം.

അത്തം പിറന്നതു മുതൽ നമ്മൾ ആഘോഷത്തിലായിരുന്നു. ഓണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളിലും. ഓണമെത്തുന്നു എന്ന ചിന്തതന്നെ ആഹ്ലാദകരമാണ്. ഉള്ളിൽ നിറയെ പൂക്കളും നിറങ്ങളും മണങ്ങളും നിറക്കുന്ന നാളുകൾ. ആ ദിനങ്ങളിലൂടെയാണ് ഓണപ്പുലരിയിലേക്ക് പ്രവേശിക്കുന്നത്. മനസ്സുകളിൽ ആഹ്ലാദത്തിന്റെ ഒരായിരം പൂക്കൾ ഇന്ന് ഒരുമിച്ച് വിരിയും. വള്ളംകളിയും പുലിക്കളിയും കൈകൊട്ടിക്കളിയും ഊഞ്ഞാലാട്ടവുമൊക്കെയായാണ് കേരളീയ ജനത ഓണത്തെ വരവേൽക്കാറ്. ഇന്ന് ഇതിനെല്ലാം ഏറ്റക്കുറച്ചിൽ വന്നിട്ടുണ്ട്.

പ്രവാസികൾക്ക് ഓണം ആഘോഷങ്ങൾക്കൊപ്പം ഓർമകളുടെ കൊടിയേറ്റകാലംകൂടിയാണ്. മരുഭൂമിയുടെ കൊടുംചൂടിൽ നാടിന്റെ കുളിരോർമകൾ മനസ്സിൽ നിറയുന്ന കാലം. ആ ഓർമകളിൽ മലയാളി സംഘടനകൾക്കു കീഴിൽ ആഘോഷമായി കുവൈത്തിലും മലയാളികൾ ഓണം കൊണ്ടാടുന്നു. ഇനിയുള്ള നാളുകൾ ഇത്തരം ആഘോഷങ്ങളുടേതാകും. അപ്പോഴും മരുഭൂമിയിലെ ഒറ്റപ്പെട്ടുകിടക്കുന്ന ഇടങ്ങളിലെ ഒരുപാടുപേർ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ കടന്നുപോകുന്നുണ്ട്. അവരെക്കൂടി ഈ നിമിഷങ്ങളിൽ ഓർക്കാം. ആഹ്ലാദം നിറയട്ടെ എല്ലാവരിലും. 

Tags:    
News Summary - Onam: A flood of memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.