കുവൈത്ത് സിറ്റി: റമദാന് ആരംഭിച്ചതോടെ ചാരിറ്റിയുടെ പേരിൽ ഇലക്ട്രോണിക് തട്ടിപ്പുകള്‍ സജീവമാകുന്നു.
അടുത്തിടെ ദുരിതമനുഭവിക്കുന്നവർക്കായി പ്രതിദിനം 80 ദീനാര്‍ പണം നല്‍കുന്നുവെന്ന വ്യാജപരസ്യം നല്കി നിരവധിപേരെയാണ് കബളിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.
വ്യാജ ചാരിറ്റികളിലേക്ക് സംഭാവന നൽകാനെന്നപേരില്‍ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും തട്ടിപ്പ് സൂക്ഷിക്കാനും കുവൈത്ത് സൊസൈറ്റി ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റി മേധാവി ഡോ. സഫാ സമാൻ ഉണർത്തി. കുവൈത്തില്‍ പ്രതിദിനം 200ലധികം തട്ടിപ്പ് കേസുകളാണ് നടക്കുന്നത്. ഇതില്‍ 60 ശതമാനം കേസുകള്‍ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂവെന്ന് സമാൻ പറഞ്ഞു.
ഹാക്കിങ് ശ്രമങ്ങളുടെയും സൈബർ ആക്രമണങ്ങളുടെയും കാര്യത്തിൽ യു.എ.ഇക്കും സൗദി അറേബ്യക്കും ശേഷം കുവൈത്ത് മൂന്നാം സ്ഥാനത്താണ്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് ഉണ്ടാകുന്നത് ഗള്‍ഫ് മേഖലയിലാണെന്നും സമാന് വ്യക്തമാക്കി.
എണ്ണ, ഊർജമേഖല, ബാങ്കുകൾ, നിക്ഷേപ സ്ഥാപനങ്ങൾ എന്നീ മേഖലയിലെ കമ്പനികള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നു. ഡേറ്റ എൻക്രിപ്ഷനിൽനിന്ന് മോചിപ്പിക്കുന്നതിനായി ഹാക്കർമാർക്ക് ഭീമമായ തുകയാണ് ഇവർ ഓരോ വര്‍ഷവും നല്‍കുന്നത്. ജി.സി.സി രാജ്യങ്ങൾ ഗൾഫ് സൈബർ സുരക്ഷാ ഫെഡറേഷൻ രൂപവത്കരിക്കുന്നതോടെ ഇത്തരം പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ. സഫ പറഞ്ഞു.
രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായതോടെ സ്വദേശികളും പ്രവാസികളടക്കമുള്ളവർ ജാഗ്രതപാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മൊബൈൽ ഫോൺ വിളിച്ചും വാട്സ് ആപ് സന്ദേശങ്ങൾ വഴിയും ലഭിക്കുന്ന വ്യാജ പേമെന്റ് ലിങ്കുകളോട് പ്രതികരിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.
വ്യാജ ലിങ്കുകൾ വെച്ച് സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്ന് ബാങ്കുകൾ പേമെന്റ് ലിങ്കുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. അക്കൗണ്ടിലേക്ക് ലിങ്കുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുകകള്‍ പരിശോധനക്കുശേഷം മാത്രം റിലീസ് ചെയ്യാനുള്ള നിർദേശവുമുണ്ട്. സൈബർ കുറ്റകൃത്യങ്ങളുടെ പേരിൽ കഴിഞ്ഞവർഷം ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചത് 4000ഓളം പരാതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.