കുവൈത്ത് സിറ്റി: ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം ആവർത്തിക്കുന്നതിനെതിരെ പ്രതിഷേധവുമായി കുവൈത്ത് മെഡിക്കൽ അസോസിയേഷൻ.
കഴിഞ്ഞ ദിവസം അഹ്മദി ഗവർണറേറ്റിലെ ഉമ്മു അൽ അയ്മനിൽ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ മർദിക്കപ്പെട്ട പശ്ചാത്തലത്തിലാണ് സംഘടന ആശങ്കയും പ്രതിഷേധവും അറിയിച്ചത്.
ഒരാഴ്ക്കിടെ മുബാറക് അൽ കബീർ ആശുപത്രിയിലും ഇത്തരം രണ്ട് സംഭവം ഉണ്ടായതായി യൂനിയൻ ഒാംബുഡ്സ്മാൻ കമ്മിറ്റി മേധാവി ഡോ. മൈതം ഹുസൈൻ ചൂണ്ടിക്കാട്ടി.
തെറ്റായ വിവരങ്ങളുടെയും ഉൗഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരുടെ അന്തസ്സ് മാനിക്കാതെ പെരുമാറുന്നത് അംഗീകരിക്കാനാകില്ല. മഹാമാരിയെ നേരിടുന്നതിെൻറ ഭാഗമായി ജീവൻപോലും പണയംവെച്ച് ത്യാഗമനസ്സോടെ പ്രവർത്തിക്കുന്ന ആരോഗ്യജീവനക്കാരോട് മാന്യമായി പെരുമാറണം.
ഇത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ഡോക്ടർമാരെ അതിക്രമിച്ച രണ്ട് പ്രതികൾക്ക് കോടതി ജയിൽശിക്ഷ വിധിച്ചിരുന്നു.
ഫർവാനിയയിൽ നടന്ന സംഭവത്തിൽ ഒരു വർഷം തടവും 1000 ദീനാർ പിഴയുമാണ് വിധിച്ചത്. രോഗികളും കൂടെ എത്തുന്നവരും ചെറിയ കാരണങ്ങൾക്കും അകാരണമായും പ്രകോപിതരാവുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്യുന്നത് ആവർത്തിക്കുകയാണ്.
ഡോക്ടർമാർക്കും ആരോഗ്യ ജീവനക്കാർക്കുമെതിരായ അതിക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഇതിന് തടയിടാൻ കർശന ശിക്ഷ ഉറപ്പുവരുത്തുന്ന നിയമനിർമാണം നടത്തണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.