കുവൈത്ത് സിറ്റി: കുവൈത്തിൽ വീട്ടുനിരീക്ഷണത്തിനിടെ പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് ഇതുവരെ 80 പേർ അറസ്റ്റിലായി. കോവിഡ് പ്രതിസന്ധി ആരംഭിച്ച ഫെബ്രുവരി മുതലുള്ള കണക്കാണിത്. കോവിഡ് സ്ഥിരീകരിക്കുകയും എന്നാൽ, ഗുരുതര രോഗലക്ഷണം ഇല്ലാതിരിക്കുകയും ചെയ്തതിനെ തുടർന്ന് നിർബന്ധിത വീട്ടുനിരീക്ഷണത്തിലുണ്ടായിരുന്നവരാണ് പുറത്തിറങ്ങിയത്. കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയവർക്ക് പരിശോധനയിൽ നെഗറ്റിവ് ആണെങ്കിലും വീട്ടുനിരീക്ഷണം നിർബന്ധമാണ്.
വിദേശത്തുനിന്ന് എത്തിയവരും രണ്ടാഴ്ച ക്വാറൻറീനിൽ ഇരിക്കണം. ശ്ലോനിക് ആപ്ലിക്കേഷൻ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനാൽ വീട്ടുനിരീക്ഷണ കാലത്ത് പുറത്തിറങ്ങിയാൽ ആരോഗ്യമന്ത്രാലയത്തിന് അറിയാൻ കഴിയും. ഫോൺ വീട്ടിൽവെച്ച് പുറത്തിറങ്ങുന്നതിന് റാൻഡം അടിസ്ഥാനത്തിൽ ഇടക്കിടെ സന്ദേശം അയക്കുന്നുണ്ട്. ഇതിന് മറുപടിയായി സെൽഫി ഫോേട്ടാ എടുത്ത് അയച്ചുകൊടുക്കണം. നേരത്തേ ട്രാക്ക് ചെയ്യാൻ ഇലക്ട്രിക് വള അണിയിക്കുകയായിരുന്നു ചെയ്തിരുന്നത്. അതിനിടെ, ആരോഗ്യമാർഗനിർദേശം ലംഘിച്ച് ഒത്തുകൂടിയ രണ്ട് സംഘങ്ങളെ കഴിഞ്ഞദിവസം പിടികൂടി. സബാഹിയ ഭാഗത്താണ് അറസ്റ്റ്. വീട്ടിലും ഒാഫിസുകളിലും ഇത്തരം ഒത്തുകൂടലുകൾക്ക് വിലക്കുണ്ട്.
മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ഏത് ഒത്തുകൂടലുകളും നടപടിക്ക് കാരണമാവും. പൊതുപരിപാടികൾക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകൾ കൂടിവരുമ്പോഴും ജനങ്ങൾ സംഘടിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം നടപടികൾ കർശനമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ ലംഘിച്ച് പരിപാടികൾ നടത്തപ്പെടുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ചില സ്വകാര്യ പരിപാടികളുടെ പരസ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കുടുംബങ്ങളിലെ സ്വകാര്യ ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.