കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞവർഷം മികച്ച പ്രകടനം കാഴ്ചവെച്ച രാജ്യത്തെ അസാധാരണ കായികതാരങ്ങളെ ആദരിച്ചു. കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയുടെ സഹകരണത്തോടെ പബ്ലിക്ക് അതോറിറ്റി ഫോർ സ്പോർട്സ് (പി.എ.എസ്) ആണ് ചടങ്ങ് സംഘടിപ്പിച്ചത്.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ ആശംസകളും ആശിർവാദങ്ങളും പ്രധാനമന്ത്രി കായിക താരങ്ങളെ അറിയിച്ചു.
കുവൈത്ത് അത്ലറ്റുകളുടെ നേട്ടങ്ങളിൽ അഭിമാനം പ്രകടിപ്പിച്ച പ്രധാനമന്ത്രി എല്ലാവരെയും അഭിനന്ദിച്ചു. രാജ്യത്തിന്റെ മികച്ച കായിക ഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും, കായിക രംഗത്ത് മേഖലയിലും അന്തർദേശീയ തലത്തിലും ശക്തമായ സാന്നിധ്യമായി കുവൈത്ത് മാറിയതായും പ്രധാനമന്ത്രി പറഞ്ഞു. പബ്ലിക്ക് സ്പോർട്സ് അതോറിറ്റി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്.
കുവൈത്തിന്റെ കായികരംഗം മെച്ചപ്പെടുത്തുന്നതിന് അവരുമായി സഹകരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇൻഫർമേഷൻ, യുവജനകാര്യ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.