കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) സംഘടിപ്പിച്ച ഓണാഘോഷം ‘പാലക്കാടൻ മേള 2023’ ശ്രദ്ധേയമായി. ഖൈത്താൻ കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി എഴുന്നള്ളത്തുമായി പരിപാടികൾ ആരംഭിച്ചു.
സാംസ്കാരിക സമ്മേളനം ബഹ്റൈൻ എക്സ്ചേഞ്ച് മാനേജർ രാംദാസ് ഉദ്ഘാടനം ചെയ്തു. പൽപക് പ്രസിഡന്റ് പി.എൻ. കുമാർ അധ്യക്ഷത വഹിച്ചു. മേളയുടെ കൺവീനർ സുരേഷ് മാധവൻ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പൽപക് പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 15ന് നടത്തുന്ന മെഗാ ഇവന്റ് ‘പൽപകം 15’ന്റെ ആദ്യ കൂപ്പൺ വിതരണം സുനിൽ മേനോന് നൽകി ഇവന്റ് കൺവീനർ പ്രേം രാജ് നിർവഹിച്ചു.
രക്ഷാധികാരി വി. ദിലി, ഉപദേശക സമിതി അംഗം വേണു കുമാർ, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ജോയന്റ് സെക്രട്ടറി സി.പി. ബിജു, സാമൂഹിക വിഭാഗം സെക്രട്ടറി സക്കീർ ഹുസൈൻ, വനിതാ വേദി ജനറൽ കൺവീനർ ഐശ്വര്യ രാജേഷ്, ബാലസമിതി ജനറൽ കൺവീനർ ശ്രുതി ഹരീഷ്, ഓഡിറ്റർ രാജേഷ്, സ്പോർട്സ് സെക്രട്ടറി ശശികുമാർ, ജിജി മാത്യു എന്നിവർ സംസാരിച്ചു. ട്രഷറർ പ്രേംരാജ് നന്ദി പറഞ്ഞു.
തുടർന്ന് പൽപക് ഫഹാഹീൽ, അബ്ബാസിയ, ഫർവാനിയ, സാൽമിയ ഏരിയകളിലെ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വനിതാ വേദി അവതരിപ്പിച്ച തിരുവാതിരയും ഒപ്പനയും ബാലസമിതി കുട്ടികളുടെ ദൃശ്യാവിഷ്കാരവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി. പിന്നണി ഗായകൻ ശ്യാം പ്രസാദും ഗായിക പാർവതി ദീപക്കും ചേർന്ന് സംഗീതസദസ്സും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.