കുവൈത്ത് സിറ്റി: 2024ൽ ഫ്രാൻസിലെ പാരീസിൽ നടക്കുന്ന ഒളിമ്പിക്സിനായി കുവൈത്ത് നേരത്തേ തയാറെടുപ്പ് ആരംഭിക്കും. ടോക്യോ ഒളിമ്പിക്സിൽ കുവൈത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഷൂട്ടിങ് സ്കീറ്റിൽ അബ്ദുല്ല അൽ റഷീദി നേടിയ വെങ്കലം മാത്രമാണ് മെഡൽ നേട്ടം. അതുകൂടി ഇല്ലെങ്കിൽ 'സംപൂജ്യ'രായി മടങ്ങേണ്ടി വന്നേനെ.
ഷൂട്ടർമാരായ അബ്ദുറഹ്മാൻ അൽ ഫൈഹാൻ, മൻസൂർ അൽ റഷീദി, തലാൽ തുർഗി അൽ റഷീദി, നീന്തൽ താരം ലാറ ദഷ്തി, അബ്ബാസ് ഖാലി, റോവിങ്ങിൽ മത്സരിക്കുന്ന അബ്ദുറഹ്മാൻ അൽ ഫാദിൽ, കരാേട്ട താരം മുഹമ്മദ് അൽ മൂസാവി, ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ യഅഖൂബ് അൽ യൂഹ, മദാവി അൽ ശമ്മാരി എന്നിവർക്ക് മെഡലിന് അടുത്ത് പോലും എത്താനായില്ല.
രണ്ടു വർഷത്തിലേറെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഏർപ്പെടുത്തിയ കായിക വിലക്ക് കായികമേഖലയെ ബാധിച്ചിട്ടുണ്ട്. വിലക്ക് നീങ്ങി തയാറെടുപ്പുകൾ സജീവമാക്കി വരുന്നതിനിടെയാണ് കോവിഡ് പ്രതിസന്ധി കായിക പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചത്. ഇതു പരിശീലനത്തെ ബാധിച്ചു.
അടുത്ത ഒളിമ്പിക്സിനായി ഇൗ വർഷംതന്നെ ഒരുക്കം ആരംഭിക്കാനാണ് കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനം. മെഡൽ നേടാൻ സാധ്യതയുള്ള യുവതാരങ്ങളെ വിദേശത്ത് അയച്ച് പരിശീലനം നൽകും. ഒളിമ്പിക് ചാർട്ടർ പ്രകാരമുള്ള രാജ്യാന്തര ഒളിമ്പിക് വേദികളിലൊന്നും പങ്കെടുക്കാൻ സാധ്യമാവാത്ത വിധമാണ് നേരത്തേ കുവൈത്തിന് സസ്പെൻഷൻ ഏർപ്പെടുത്തിയത്.
യോഗ്യത നേടിയ ഏഴ് കായികതാരങ്ങൾ ഒളിമ്പിക് പതാകക്ക് കീഴിലാണ് കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ മത്സരത്തിനെത്തിയത്. ഇപ്പോൾ വിലക്കൊന്നുമില്ല. കായിക മേഖലക്കും താരങ്ങൾക്കും കുവൈത്ത് സർക്കാർ മികച്ച പിന്തുണയാണ് നൽകുന്നത്. ചുരുങ്ങിയത് മൂന്ന് മെഡൽ എങ്കിലും നേടുകയാണ് അടുത്ത ഒളിമ്പിക്സിലെ കുവൈത്തിെൻറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.