കുവൈത്ത് സിറ്റി: വിജ്ഞാപനം പുറത്തിറങ്ങി നടപടിക്രമം ആരംഭിച്ചതോടെ രാജ്യം തെരഞ്ഞെടുപ്പ് ആരവത്തിലേക്ക്. തിങ്കളാഴ്ച സ്ഥാനാർഥി രജിസ്ട്രേഷൻ ആരംഭിച്ചു. 22 മുൻ എം.പിമാർ അടക്കം 115 പേർ ആദ്യ ദിനം രജിസ്റ്റർ ചെയ്തു. ഇതിൽ എട്ടുപേർ സ്ത്രീകളാണ്.
പ്രതിപക്ഷ നേതാവും മൂന്നുതവണ സ്പീക്കറുമായ അഹ്മദ് അൽ സദൂൻ ആദ്യ ദിവസം തന്നെ രജിസ്റ്റർ ചെയ്തു തെരഞ്ഞെടുപ്പിലെ സാന്നിധ്യം അറിയിച്ചു. മുൻ മന്ത്രി ഇസ്സ അൽ കന്ദരി, മുൻ എംപിമാരായ ഒസാമ അൽഷഹീൻ, മുഫറേജ് നഹർ, അബ്ദുല്ല അൽ അറാദ, ഹമദ് അൽ മതാർ തുടങ്ങിയ പ്രമുഖർ ആദ്യദിനം നോമിനേഷൻ സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു. കാബിനറ്റ് അംഗമായിരുന്ന ഈസാ അൽ കന്ദരി മന്ത്രിസ്ഥാനം രാജിവെച്ച ശേഷമാണു പത്രിക സമർപ്പിച്ചത്.
രാജ്യം പുതിയ രാഷ്ട്രീയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നു സൂചിപ്പിച്ച സ്ഥാനാർഥികൾ പരിഷ്കരണവാദ മുഖങ്ങളുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാൻ വോട്ടർമാരോട് അഭ്യർഥിച്ചു. രാവിലെ മുതൽ ആഭ്യന്തര മന്ത്രാലയത്തിന്റെ തെരഞ്ഞെടുപ്പുകാര്യ വകുപ്പിൽ നിരവധി പേർ പത്രിക സമർപ്പിക്കാൻ എത്തി. തിരഞ്ഞെടുപ്പുകാര്യ വകുപ്പ് ആസ്ഥാനത്ത് സ്ഥാനാർഥികളെ സ്വീകരിക്കുന്നതിന് വിപുലമായ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
അമ്പത് ദീനാർ സ്ഥാനാർഥി ഇൻഷുറൻസ് തുകയായി ഇലക്ഷൻ അഫയേഴ്സിൽ അടക്കണം. നാലാം മണ്ഡലത്തിൽനിന്നാണ് ആദ്യദിനം കൂടുതൽ സ്ഥാനാർഥികൾ രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ ഏഴുവരെ രജിസ്ട്രേഷൻ തുടരും. ഷുവൈഖ് റെസിഡൻഷ്യൽ ഏരിയയിലെ വകുപ്പ് ആസ്ഥാനത്ത് ദിവസവും രാവിലെ 7.30 മുതൽ ഉച്ച 1.30 വരെ ഇതിന് സൗകര്യമുണ്ട്. 50 അംഗ പാർലമെന്റിലേക്ക് സെപ്റ്റംബർ 29 നാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് ദിവസത്തിന് ഏഴ് ദിവസം മുമ്പ് വരെ മത്സരത്തിൽ നിന്ന് പിന്മാറാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.