കുവൈത്ത് സിറ്റി: പാർലമെന്റ് തെരഞ്ഞെടുപ്പിൽ 15 സഥാനാർഥികളെ അയോഗ്യരാക്കിയതും അപ്പീൽ കോടതി ഇടപ്പെട്ട് റദ്ദാക്കിയതുമായ സംഭവത്തിൽ ഭരണഘടന കോടതി നിലപാട് ഇന്നറിയാം. അപ്പീൽ കോടതി പരാമർശിച്ച കേസ് ക്രോസ് വിസ്താരം ചെയ്യാൻ കോടതി സജ്ജമായിട്ടുണ്ട്. കോടതിയുടെ തീരുമാനം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. പത്രിക നൽകിയ 15 സ്ഥാനാർഥികളെ അയോഗ്യരാക്കിയ ആഭ്യന്തര മന്ത്രാലയം നടപടി കഴിഞ്ഞ ദിവസം അപ്പീൽ കോടതി റദ്ദാക്കുകയും മത്സരിക്കാൻ എല്ലാവരെയും അനുവദിക്കുകയും ചെയ്തിരുന്നു. മൂന്നു സ്ഥാനാർഥികളുടെ അയോഗ്യത റദ്ദാക്കുകയും ഭരണഘടന കോടതി വിധി പുറപ്പെടുവിക്കുന്നതുവരെ അഞ്ചു പേരുടെ തീരുമാനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയുമായിരുന്നു അപ്പീൽ കോടതി.
രാഷ്ട്രീയവൃത്തങ്ങൾ ഭരണഘടന കോടതി വിധി സംബന്ധിച്ച ആകാംക്ഷയിലാണ്. പുതിയ വിഷയത്തിന്റെ പശ്ചാത്തലത്തിൽ നിയമത്തെ സംബന്ധിച്ച ചർച്ചകളും സജീവമാണ്.
29ന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഇനി ഏഴു ദിവസം മാത്രമാണ് ബാക്കിയുള്ളത്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന അവസരം ഇന്ന് അവസാനിക്കും. ഇതോടെ മത്സരരംഗത്തുള്ളവരുടെ അന്തിമ രൂപമാകും. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ജനങ്ങൾക്ക് യോജിച്ച ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷണവേദിയാകും ഇത്തവണത്തെ മത്സരമെന്ന് വിലയിരുത്തപ്പെടുന്നു. വികസനവും തൊഴിലും വിദ്യാഭ്യാസവുമാണ് ഭൂരിപക്ഷ സ്ഥാനാർഥികളുടെയും പ്രചാരണ ആയുധം. തെരഞ്ഞെടുപ്പ് തീയതി അടുത്തതോടെ സ്ഥാനാർഥികൾ പ്രചാരണം ശക്തമാക്കിയിട്ടുമുണ്ട്.
തെരഞ്ഞെടുപ്പിനായി രാജ്യം സജ്ജമാണ്. പോളിങ് സ്റ്റേഷനുകൾ, മറ്റു സംവിധാനങ്ങൾ എന്നിവയെല്ലാം അവസാനവട്ട തയാറെടുപ്പിലാണ്. പോളിങ് സ്‌റ്റേഷനുകളിൽ മെഡിക്കൽ സ്റ്റാഫിന്റെയും ആംബുലൻസിനെയും സേവനം ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സഈദ് വ്യക്തമാക്കി. സഹായവുമായി രംഗത്തുണ്ടാകുമെന്ന് കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റിയും അറിയിച്ചിട്ടുണ്ട്. 50 അംഗ സീറ്റിലേക്ക് 27 വനിതകളും 349 പുരുഷന്മാരുമായി മൊത്തം 376 സ്ഥാനാർഥികളാണ് പത്രിക നൽകിയിരുന്നത്. ഇതിൽ 15 സ്ഥാനാർഥികളെ അയോഗ്യരാക്കുകയും ചിലർ പത്രിക പിൻവലിക്കുകയും ചെയ്തതോടെ 356 പേരായി ചുരുങ്ങി. കഴിഞ്ഞ ദിവസത്തെ കോടതി ഇടപെടലിലൂടെ ഇതിൽ ചിലർ മത്സരരംഗത്തേക്കു തിരിച്ചുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.