കുവൈത്ത് സിറ്റി: പാർലമെന്റ് തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണത്തിനുള്ള അവസരം ഇന്ന് അവസാനിക്കും.
പത്രിക സമർപ്പണത്തിന്റെ ഒമ്പതാം ദിവസമായ ചൊവ്വാഴ്ച ഒരു വനിത അടക്കം 11 പേർ കൂടി പത്രിക നൽകി. ഇതോടെ ഇതുവരെ മത്സര രംഗത്തുള്ളവരുടെ എണ്ണം 350 ആയി. 326 പുരുഷന്മാരും 24 വനിതകളുമാണ് പത്രിക നൽകിയത്.
ഒന്ന്, രണ്ട്, നാല്, അഞ്ച് മണ്ഡലങ്ങളിൽനിന്ന് രണ്ടുപേർ വീതവും മൂന്നാം മണ്ഡലത്തിൽനിന്ന് മൂന്നുപേരുമാണ് ചൊവ്വാഴ്ച പത്രിക നൽകിയത്.
പിരിച്ചുവിട്ട 50 അംഗ സഭയിലെ 44 പേർ ഇതിനകം പത്രിക നൽകി മത്സര രംഗത്തിറങ്ങിയിട്ടുണ്ട്. ബാക്കിയുള്ള ആറ് പേരിൽ നാലു പേർ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി.
മുൻ സ്പീക്കർ മർസൂഖ് അൽ ഗാനേമും മറ്റൊരു മുൻ അംഗവും രജിസ്റ്റർ ചെയ്തിട്ടില്ല. മുൻ എം.പി മാരിൽ നിരവധി പേരും പത്രിക നൽകിയവരിൽ ഉൾപ്പെടുന്നു. മുൻ പ്രതിപക്ഷ എം.പി മുഹമ്മദ് അൽ മുതൈർ, മുൻ പ്രതിപക്ഷ എം.പി മുസൈദ് അൽ മുതൈരി, മുൻ എം.പിയും മന്ത്രിയുമായ ഹമദ് റൂഹൈദിൻ എന്നിവർ ചൊവ്വാഴ്ച രജിസ്റ്റർ ചെയ്തവരിൽ ഉൾപ്പെടുന്നു. പരിഷ്കരണവാദികളെയാണ് രാജ്യത്തിന് ആവശ്യമെന്നും അടുത്ത സ്പീക്കറെ പരിഷ്കരണവാദികൾക്കിടയിൽനിന്നുള്ള സമവായത്തിലൂടെ തെരഞ്ഞെടുക്കുമെന്നും മുതൈരി പറഞ്ഞു.
ഈ മാസം 29നാണ് തെരഞ്ഞെടുപ്പ്. പാർലമെന്റ് പിരിച്ചുവിട്ട ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിനെ ജനങ്ങളും മത്സരാർഥികളും പ്രാധാന്യത്തോയാണ് വിലയിരുത്തുന്നത്. രാജ്യത്തിന്റെ വികസനം, അഴിമതി ഇല്ലാതാക്കൽ, പരിഷ്കരണം എന്നിവയാണ് ഭൂരിപക്ഷം സ്ഥാനാർഥികളും ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്. ഒരു മണ്ഡലത്തിൽ നിന്ന് പത്തുപേർവീതം അമ്പതു പേരാണ് തെരഞ്ഞെടുപ്പിലൂടെ പാർലമെന്റിൽ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.