കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞുവരുന്നു. അടിയന്തരാവശ്യക്കാരെല്ലാം ഉയർന്ന നിരക്ക് നൽകി വന്നുകഴിഞ്ഞതും മറ്റുള്ളവർ വീണ്ടും നിരക്ക് കുറയുന്നതിനായി കാത്തിരിക്കുന്നതുമാണ് വില കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തന ശേഷി കഴിഞ്ഞ ആഴ്ച മുതൽ പൂർണതോതിലാക്കിയിരുന്നു. അതിനുശേഷം വിമാനങ്ങളും യാത്രക്കാരും താരതമ്യേന വർധിച്ചിട്ടുണ്ട്.
എന്നാൽ, വലിയ തോതിലുള്ള തിരക്കായിട്ടില്ല. വിമാനത്താവള പ്രവർത്തന ശേഷി പൂർണതോതിലാക്കാൻ അനുമതി നൽകിയ ശേഷമുള്ള അഞ്ചുദിവസത്തിൽ 65,759 പേർ യാത്ര ചെയ്തു. 28,228 പേർ കുവൈത്തിലേക്ക് വന്നപ്പോൾ 31,516 പേർ പുറത്തുപോയി. നേരത്തെ പ്രതിദിനം 10,000 യാത്രക്കാർ എന്നതായിരുന്നു പരിധി.
കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽനിന്ന് വന്ന വിമാനങ്ങളിൽ സീറ്റ് ഒഴിവുണ്ടായിരുന്നു. 30,000ത്തിൽ താഴെയാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക്. അടുത്തയാഴ്ച മുതൽ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ 31ന് 28,000 രൂപയാണ് എയർ ഇന്ത്യയുടെ കുവൈത്തിലേക്കുള്ള നിരക്ക്. നവംബർ അഞ്ചിന് 26,500 രൂപയാണ് കണ്ണൂരിൽനിന്ന് കുവൈത്തിലേക്ക് ഗോ എയർ നിരക്ക് കാണിക്കുന്നത്. കോഴിക്കോടുനിന്നും കൊച്ചിയിൽനിന്നും കണ്ണൂരിൽനിന്നുമെല്ലാം ടിക്കറ്റ് കിട്ടാനുണ്ട്.
കഴിഞ്ഞ മാസം ഒരു ലക്ഷത്തിന് മുകളിലായിരുന്ന ടിക്കറ്റ് നിരക്കാണ് മൂന്നിലൊന്നിനേക്കാൾ കുറഞ്ഞത്. പ്രതിസന്ധികളുടെയും അനിശ്ചിതത്വങ്ങളുടെയും നീണ്ട നാളുകൾക്ക് ശേഷം നാട്ടിൽനിന്ന് വലിയ പ്രയാസമില്ലാതെ കുവൈത്തിലേക്ക് വരാൻ സാഹചര്യമൊരുങ്ങിയത് ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.