കുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്ന് ഫിലിപ്പീൻസ് കുവ ൈത്തിലേക്ക് റിക്രൂട്ട്മെൻറ് വിലക്ക് ഏർപ്പെടുത്തി. പുതുതായി ഗാർഹികത്തൊഴിലാളി കൾ, കരാർ തൊഴിലാളികൾ, വിദഗ്ധ തൊഴിലാളികൾ, പ്രഫഷനലുകൾ എന്നിവരെ കുവൈത്തിലേക്ക് അയക്കില്ലെന്ന് ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ അറിയിച്ചു. ജനുവരി 15, ബുധനാഴ്ച മുതൽ ഉത്തരവിന് പ്രാബല്യമുണ്ട്. അതേസമയം, നിലവിൽ കുവൈത്തിൽ ജോലിചെയ്യുന്ന ഫിലിപ്പീൻസ് തൊഴിലാളികളെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചിട്ടില്ല. അവധിക്ക് നാട്ടിലുള്ള തൊഴിലാളികൾക്ക് അതേ തൊഴിലുടമയുടെ കീഴിലേക്ക് വരുന്നതിന് തടസ്സമില്ല. ജീനെലിൻ പഡേണൽ വില്ലാവെൻഡെ എന്ന ഗാർഹികത്തൊഴിലാളി ഡിസംബർ അവസാനം കുവൈത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ കുവൈത്ത് നൽകിയ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് ഫിലിപ്പീൻസ് വിലയിരുത്തി. തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് സ്പോൺസറായ കുവൈത്ത് പൗരനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥനായ സ്വദേശി സ്പോൺസർ തന്നെയാണ് ഇവരെ അവശനിലയിൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, പരിശോധനയിൽ ഇവർക്ക് മർദനമേറ്റതായി കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുക്കുകയും വീട്ടുടമസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. 2018ൽ ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളി ജൊആന ഡാനിയേല കുവൈത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഫിലിപ്പീൻ പ്രസിഡൻറ് റോഡ്രിഗോ ദുതെർത് കുവൈത്തിനെതിരെ നടത്തിയ പരാമർശം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിലേക്ക് എത്തിയതാണ്. മുഴുവൻ ഫിലിപ്പിനോകളോടും മടങ്ങിവരാനാണ് അന്ന് റോഡ്രിഗോ ദുതെർത് ആവശ്യപ്പെട്ടത്. ഏറെ ചർച്ചകൾക്കൊടുവിൽ 2018 മേയിലാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറിന് ഇരുരാജ്യങ്ങളും പുതിയ കരാറിൽ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.