കുവൈത്ത് സിറ്റി: കുവൈത്തിൽ അടച്ചിട്ട സ്ഥലങ്ങളിൽ വീണ്ടും മാസ്ക് ധരിക്കൽ നിർബന്ധമാക്കാൻ സാധ്യത. സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും നിയന്ത്രണ നടപടികളിലേക്ക് കടക്കാൻ അധികൃതർ ആലോചിക്കുന്നത്.
രാജ്യത്തെ ആരോഗ്യപ്രവർത്തകർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് നിർദേശിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികൾക്കും ആശുപത്രികളുടെയും ഹെൽത്ത് സെന്ററുകളുടെയും ഡയറക്ടർമാർക്കും ഇതു സംബന്ധിച്ച സർക്കുലർ അയച്ചിട്ടുണ്ട്. രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രി ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 27നാണ് കുവൈത്ത് അവശേഷിച്ചിരുന്ന കോവിഡ് കാല നിയന്ത്രണങ്ങളും നീക്കിയത്. ഇപ്പോൾ അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് നിർബന്ധമില്ല.
വിദേശത്തുനിന്ന് വരുന്നവർക്ക് വാക്സിനേഷനോ പി.സി.ആർ പരിശോധനയോ ആവശ്യമില്ല. ക്വാറൻറീൻ നിബന്ധനകളും നിലവിലില്ല. വാക്സിൻ എടുത്താലും ഇല്ലെങ്കിലും രോഗികളുമായി സമ്പർക്കം പുലർത്തിയാൽ പോലും ക്വാറൻറീൻ ആവശ്യമില്ല. സ്പോർട്സ് സ്റ്റേഡിയങ്ങളിൽ പൂർണതോതിൽ പ്രവേശനം അനുവദിക്കുന്നുണ്ട്. കുത്തിവെപ്പ് എടുക്കാത്തവർക്കും കളിക്കളങ്ങളിൽ പ്രവേശിക്കാം.
ശ്ലോനിക് ആപ്ലിക്കേഷൻ ഉപയോഗം കോവിഡ് ബാധിതരുടെ ഫോളോഅപ്പിന് മാത്രമായി പരിമിതപ്പെടുത്തി.എന്നാൽ, കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിൽ ജൂണിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്നത് അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അടുത്ത ഘട്ടത്തിൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കുന്നത് അധികൃതർ ആലോചിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.