കുവൈത്ത് സിറ്റി: മനുഷ്യാവകാശങ്ങൾ സംരക്ഷിക്കൽ, സംയുക്ത സഹകരണം പ്രോത്സാഹിപ്പിക്കൽ എന്നിവയുടെ ഭാഗമായി കുവൈത്തും യൂറോപ്യൻ യൂനിയനും (ഇ.യു) അഞ്ചാം റൗണ്ട് അനൗദ്യോഗിക ചർച്ച നടത്തി. അസിസ്റ്റന്റ് ഫോറിൻ മിനിസ്റ്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം ദുവായിജ് അസ്സബാഹ് കുവൈത്ത് പക്ഷത്തെയും യൂറോപ്യൻ എക്സ്റ്റേണൽ ആക്ഷൻ സർവിസിലെ (ഇ.ഇ.എ.എസ്) അറബ് പെനിൻസുലയുടെയും ഇറാഖ് വിഭാഗത്തിന്റെയും മേധാവി അന്ന മരിയ പനാഗിയോടകോപൗലോ ഇ.യു പക്ഷത്തെയും നയിച്ചു.
കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ മനുഷ്യാവകാശ അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം ദുവായിജ് അസ്സബാഹ് മുഖ്യപ്രഭാഷണം നടത്തി. കുവൈത്തും ഇ.യുവും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശങ്ങളിൽ ഫലപ്രദമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നാഴികക്കല്ലാണ് ചർച്ചയെന്ന് അവർ പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി കുവൈത്ത് ഇതിനകം ശ്രദ്ധേയമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ശൈഖ ജവഹർ കൂട്ടിച്ചേർത്തു. എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അടുത്തിടെ ‘കുവൈത്ത് പ്രഖ്യാപനത്തിൽ’ ജി.സി.സി നേതാക്കൾ അടിവരയിട്ടതായും സൂചിപ്പിച്ചു.
തൊഴിലാളികളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ, ആവിഷ്കാര സ്വാതന്ത്ര്യം, ഒത്തുചേരൽ, നിയമവാഴ്ച എന്നിവയുൾപ്പടെ കുവൈത്തിലെയും യൂറോപ്യൻ യൂനിയനിലെയും വിവിധ വിഷയങ്ങൾ ചർച്ച കൈകാര്യം ചെയ്തു. മനുഷ്യാവകാശ ഫോറങ്ങൾ, ബോഡികൾ, മെക്കാനിസങ്ങൾ എന്നിവയിലെ സഹകരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ കൈമാറ്റവും വിലയിരുത്തി. അന്താരാഷ്ട്ര ഉടമ്പടികളുടെയും പ്രത്യേക നടപടിക്രമങ്ങളുടെയും ആനുകാലിക അവലോകനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.