കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖ പൈതൃക ഉത്സവമായ ഖുറൈൻ ഫെസ്റ്റിവലിന്റെ 28ാമത് പതിപ്പിന് കൊടിയിറങ്ങി. 11 ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ സാംസ്കാരിക, സാഹിത്യ, കല, ശാസ്ത്ര, പൈതൃക രംഗങ്ങൾ അരങ്ങിലെത്തുകയും ചർച്ചയാകുകയും ചെയ്തു. കുവൈത്തിന്റെ കാഴ്ചപ്പാടും സംസ്കാരവും സാക്ഷാത്കരിക്കുന്നതുകൂടിയായി ഈ വർഷത്തെ ഫെസ്റ്റ്.
സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് സംഭാവന ചെയ്യുന്ന വിവിധ വിഷയങ്ങൾ, സിമ്പോസിയങ്ങൾ, നാടകപ്രകടനങ്ങൾ, സാഹിത്യപരിപാടികൾ, ദൃശ്യ-ശ്രാവ്യ കലകളുടെ പ്രദർശനം, പ്രത്യേക സിമ്പോസിയം എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറി.
കുവൈത്ത് കവിയായ അഹ്മദ് അൽ ഷർഖാവി, അന്തരിച്ച കുവൈത്ത് ജ്യോതിശാസ്ത്രജ്ഞനും കാലാവസ്ഥ നിരീക്ഷകനുമായ ഡോ. സാലിഹ് അൽ ഒജൈരി, സൗദി കവി ബദർ ബിൻ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് എന്നിവരെ ഫെസ്റ്റിവലിൽ ആദരിച്ചു.
ശൈഖ് ജാബിർ അൽ അഹമ്മദ് കൾചറൽ സെന്ററിൽ നടന്ന സമാപന ചടങ്ങിൽ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് പങ്കെടുത്തു. ബാദർ ബിൻ അബ്ദുൽ മുഹ്സിൻ അൽ സൗദിന് ഈ വർഷത്തെ ഫെസ്റ്റിവലിന്റെ വ്യക്തിത്വത്തിനുള്ള പുരസ്കാരം പ്രധാനമന്ത്രി സമ്മാനിച്ചു.
സുൽത്താൻ ബിൻ ബാദർ രാജകുമാരൻ അവാർഡ് ഏറ്റുവാങ്ങി. 2023ലെ സംസ്ഥാന പുരസ്കാര ജേതാക്കളെയും പ്രധാനമന്ത്രി ആദരിച്ചു. അറബ് മേഖലയിലെ സാംസ്കാരികപരിപാടികളിൽ പ്രധാന ഒന്നായാണ് ഖുറൈൻ കൾചറൽ ഫെസ്റ്റിവലിനെ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.