കുവൈത്ത് സിറ്റി: ചൊവ്വാഴ്ച രാജ്യത്തുടനീളം പരക്കെ മഴ ലഭിച്ചു. രാവിലെ ആരംഭിച്ച മഴ എല്ലായിടത്തും മിതമായ രീതിയിൽ രാത്രിയും തുടർന്നു. ചൊവ്വാഴ്ച അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. തുടർച്ചയായി പെയ്ത മഴ പലയിടങ്ങളിലും വെള്ളക്കെട്ടുകളും രൂപപ്പെടുത്തി. മഴയിൽ ദൃശ്യപരത കുറഞ്ഞത് റോഡിൽ ചെറിയ രൂപത്തിൽ ഗതാഗതക്കുരുക്കിന് കാരണമായി. ചൊവ്വാഴ്ച മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ആഭ്യന്തര മന്ത്രാലയവും ജനറൽ ഫയർ സർവിസ് ഡിപ്പാർട്ട്മെന്റും പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാൻ അഭ്യർഥിച്ചു. അടിയന്തര ഘട്ടങ്ങളിൽ ഇടപെടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. സഹായം ആവശ്യമായി വന്നാൽ 112 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, മിതമായ രീതിയിൽ പെയ്ത മഴ അനിഷ്ട സംഭവങ്ങൾക്കിടയാക്കിയില്ല. പകൽ മുഴുവൻ നീണ്ടുനിന്ന മഴ ചൊവ്വാഴ്ച താപനിലയിൽ കുറവ് സൃഷ്ടിക്കുകയും രാത്രി തണുപ്പ് വർധിപ്പിക്കുകയും ചെയ്തു.
ചൊവ്വാഴ്ച റാബിഹ് മേഖലയിലാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചവരെ റാബിഹ് മേഖലയിലെ മോണിറ്ററിങ് സ്റ്റേഷനിൽ 16 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. അബ്ദലിയിൽ 10 മില്ലീമീറ്ററും കുവൈത്ത് എയർപോർട്ട് ഏരിയയിൽ 12.2 മില്ലീമീറ്ററും സാൽമിയയിൽ 12 മില്ലീമീറ്ററും ജഹ്റയിൽ 4.7 മില്ലിമീറ്ററും രേഖപ്പെടുത്തി.ബുധനാഴ്ച കാലാവസ്ഥയിൽ ക്രമാനുഗതമായ പുരോഗതി ആരംഭിക്കുമെന്നും മഴക്കുള്ള സാധ്യത ക്രമേണ അപ്രത്യക്ഷമാകുമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു. ബുധനാഴ്ച രാവിലെ ചിലയിടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെയോടെ വീണ്ടും മഴയെത്തുമെന്നാണ് സൂചന. വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷം കാലാവസ്ഥയിൽ പുരോഗതി ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.