കുവൈത്ത് സിറ്റി: പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താനുള്ള നിർദേശവുമായി റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റ്. രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. നിർദേശം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിനും ജനസംഖ്യാ പുനഃസന്തുലന സമിതിക്കും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ മിക്ക റെസിഡൻസി പെർമിറ്റുകളും ഒരു വർഷത്തേക്ക് പരിമിതപ്പെടുത്തും. എന്നാൽ, മെഡിക്കൽ മേഖലയിലെ ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യന്മാർ എന്നിവരുൾപ്പെടെ സാങ്കേതിക മേഖലകളിലെ പ്രഫഷനലുകൾക്കും അധ്യാപകർക്കും സ്വകാര്യ മേഖലയിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾക്കും ദീർഘകാല റെസിഡൻസി പെർമിറ്റ് അനുവദിക്കുമെന്നാണ് സൂചന.
റെസിഡൻസി പെർമിറ്റുകൾ പരിമിതപ്പെടുത്തുന്നതിലൂടെ, തൊഴിലാളികളെ ഫലപ്രദമായി കൈകാര്യംചെയ്യാനും നിലനിൽക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
അതേസമയം, നിലവിൽ ഭൂരിപക്ഷം കമ്പനികളും തൊഴിലാളികൾക്ക് ഒരു വർഷത്തേക്കാണ് റെസിഡൻസി പെർമിറ്റുകൾ എടുക്കുന്നത്. തൊഴിലാളികളെ ആവശ്യമില്ലെങ്കിൽ മാറ്റാനും, ഒരുമിച്ചു മെഡിക്കൽ ഇൻഷുറൻസ് അടക്കുന്നതിൽ നിന്ന് ഒഴിവാകാനും ഒരുവർഷ പെർമിറ്റാണ് സൗകര്യമെന്ന് തൊഴിൽ ഉടമകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.