കുവൈത്ത് സിറ്റി: ആഗസ്റ്റ് ആദ്യം മുതൽ കുവൈത്ത് വിമാനത്താവളത്തിൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കാനിരിക്കെ യാത്രക്കാർക്കായി വ്യോമയാന വകുപ്പ് ആപ്ലിക്കേഷൻ പുറത്തിറക്കി. കുവൈത്തിൽനിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്. കുവൈത്തിൽനിന്ന് പോവുന്നവരും രാജ്യത്തേക്ക് വരുന്നവരും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നാഷനൽ ഏവിയേഷൻ സർവീസസ് വികസിപ്പിച്ച ആപ്ലിക്കേഷനിൽ വ്യോമയാന വകുപ്പ്, ജനറൽ അഡ്മിനിസ്ട്രേഷൻ, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയെ ബന്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും സൗകര്യങ്ങൾ ഒരുക്കാനും ആപ്പിൽ സംവിധാനമുണ്ട്.
അധികൃതരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും യാത്ര എളുപ്പമാക്കാനും ആപ്പ് സഹായിക്കും. അറ്റ് ഹോം സർവീസ്, അറ്റ് എയർപോർട്ട് സർവീസ്, ഡി.ജി.സി.എ മാർഗനിർദേശങ്ങൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണുള്ളത്. അറ്റ് ഹോം സർവീസിൽ ആരോഗ്യനില രേഖപ്പെടുത്തൽ, ചെക്കിൻ ചെയ്യാൻ എത്തുന്ന സമയം ബുക്ക് ചെയ്യൽ, ഡിജിറ്റൽ ബോർഡിങ് പാസ്, മാസ്കും കയ്യുറയും ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം, ലോഞ്ച് ഉൾപ്പെടെ പ്രീമിയം സർവീസുകൾ ബുക്ക് ചെയ്യൽ എന്നിവയാണുള്ളത്.
വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള കാര്യങ്ങൾക്കാണ് അറ്റ് എയർപോർട്ട് സർവീസ്. ചെക്കിൻ കൗണ്ടറിലേക്ക് കടക്കണമെങ്കിൽ ചെക്കിൻ റിസർവേഷൻ ക്യൂ ആർ കോഡ് കാണിക്കണം. ബോഡിങ് നോട്ടിഫിക്കേഷൻ ആപ്പിലൂടെ ലഭിക്കും. ബാഗേജ് സ്റ്റാറ്റസ് അറിയാനും ബാഗേജ് ഡെലിവറി സേവനം ലഭ്യമാക്കാനും സൗകര്യമുണ്ട്. എന്തെങ്കിലും പ്രശ്നം നേരിടുകയാണെങ്കിൽ ആപ്പ് വഴി അധികൃതരെ അറിയിക്കാനും എമർജൻസി കാൾ നടത്താനും കഴിയും.
വിമാന യാത്രക്കാർക്കുള്ള കുവൈത്ത് വ്യോമയാന മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങളാണ് മൂന്നാം ഭാഗത്തിലുള്ളത്. വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറക്കാനും തിരക്ക് ഒഴിവാക്കാനും സമയക്രമീകരണം വഴി കഴിയുന്നു. ജൂലൈ 28 ചൊവ്വാഴ്ച മുതൽ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാവും. കുവൈത്തിലേക്ക് വരുന്നവർ യാത്രയുടെ മുമ്പുള്ള നാല് ദിവസത്തിനുള്ളിൽ പി.സി.ആർ പരിശോധന ഫലം ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.