കുവൈത്ത് സിറ്റി: 2014നു ശേഷം ആദ്യമായി കുവൈത്ത് മിച്ച ബജറ്റ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. എണ്ണ വില വർധനയെ തുടർന്ന് കുവൈത്തിന്റെ ബജറ്റ് കമ്മി രണ്ടു മാസംകൊണ്ട് 94 ശതമാനം കുറഞ്ഞു. ഓക്സ്ഫഡ് ഇക്കണോമിക്സ് നടത്തിയ പഠനം അനുസരിച്ച് കുവൈത്ത് ഏഴു ശതമാനം ജി.ഡി.പി വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2021ൽ 2.5 ശതമാനം ആയിരുന്നിടത്തുനിന്ന് വൻ കുതിപ്പാണുണ്ടായത്.
എണ്ണവരുമാനത്തിലും എണ്ണയിതര വരുമാനത്തിനും മുന്നേറാൻ കഴിഞ്ഞു. എണ്ണയിതര വരുമാനത്തിൽ കഴിഞ്ഞ വർഷം 3.1 ശതമാനം വളർച്ചയാണുണ്ടായതെങ്കിൽ ഈ വർഷം 4.7 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്തൃ ചെലവ്, റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രകടനം എന്നിവ മെച്ചപ്പെട്ടു. വാർഷിക എണ്ണ വരുമാനം 11.8 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്.
2020ൽനിന്ന് 2021ൽ എത്തിയപ്പോൾ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എണ്ണ വില വർധനയോടൊപ്പം ഉൽപാദനം വർധിച്ചതും മൊത്തം വരുമാനം വർധിപ്പിച്ചു. 2022ൽ എണ്ണവില ബാരലിന് 112 ഡോളറിനു മുകളിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ 118 ഡോളർ വിലയുണ്ട്. ബാരലിന് 90 ഡോളറിനു മുകളിൽ സ്ഥിരമായി ലഭിച്ചാൽ ബജറ്റ് കമ്മിയില്ലാതെ ബ്രേക്ക് ഈവനിൽ എത്തും. എണ്ണ വില ബാരലിന് 65 ഡോളർ കണക്കാക്കിയാണ് കുവൈത്ത് ബജറ്റ് തയാറാക്കിയിട്ടുള്ളത്.
എന്നാൽ, 110 ഡോളറിനു മുകളിൽ വില ലഭിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ടു മാസങ്ങളിൽ കുവൈത്ത് എണ്ണയുടെ ശരാശരി വില ബാരലിന് ഏകദേശം 112.162 ഡോളറായിരുന്നു. ഏപ്രിൽ-മേയ് മാസത്തിൽ ബജറ്റ് അനുസരിച്ച് 2.78 ബില്യൺ ഡോളർ ആണ് എണ്ണ വരുമാനം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, 5.7 ബില്യൺ ഡോളർ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.