കുവൈത്ത് സിറ്റി: റോഡ് ഉപയോഗിക്കുന്നതിന് വിദേശികളിൽനിന്ന് പ്രത്യേക ഫീസ് ഈടാക്കുന്നത് സംബന്ധിച്ച പഠനം അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്. റോഡ്ഫീസ് സ്വദേശികൾക്കുകൂടി ബാധകമാക്കണോ എന്ന കാര്യത്തിൽ എം.പിമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ പൊതുമരാമത്ത് മന്ത്രാലയത്തിലെ റോഡ് എൻജിനീയറിങ് വിഭാഗം അണ്ടർ സെക്രട്ടറി എൻജി. അഹ്മദ് അൽ ഹസാൻ ആണ് ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം വിശദീകരിച്ചത്.
റോഡ് ഉപയോഗിക്കുന്നവരിൽനിന്ന് ഫീസ് ഏർപ്പെടുത്തുക വഴി ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ചില റോഡുകളെ മാത്രം തെരഞ്ഞെടുത്തതുവഴി വാഹനം ഓടിക്കുന്നതിന് നികുതി ചുമത്താനാണ് നീക്കം.
പൊതുമരാമത്ത് മന്ത്രി അബ്ദുറഹ്മാൻ അൽ മുത്വവ്വ ശൈഖ് ജാബിർ പാലം ഉപയോഗിക്കുന്നവരിൽ നിന്ന് ഫീസ് ഈടാക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള കരട്നിർദേശം മന്ത്രിസഭയുടെ മുന്നിൽ വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാജ്യത്തെ പ്രധാനപാതകൾ ഉപയോഗിക്കുന്നതിന് വിദേശികൾക്ക് പ്രത്യേക ഫീസ് ഏർപ്പെടുത്തണമെന്ന ആവശ്യത്തിന് ശക്തി കൂടിയത്. പാർലമെൻറ് അംഗങ്ങളിൽ സഫാ അൽ ഹാഷിം ആണ് റോഡ് ഉപയോഗിക്കുന്നതിന് വിദേശികളിൽനിന്ന് പ്രത്യേക ഫീസ് ഈടാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാക്രമീകരണം സാധ്യമാക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു ഈ നിർദേശം സമർപ്പിച്ചിരുന്നത്.
കാൽനടയായി പോകുന്ന വിദേശികളെവരെ ഈ നിയമത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് എം.പി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.