ആദരണീയനും സുസമ്മതനുമായ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുവൈത്ത് എന്ന രാജ്യത്തിന്റെ സർവതോന്മുഖമായ പുരോഗതിക്കും കുവൈത്ത് ജനതയുടെ നേട്ടത്തിനും മഹത്തായ സംഭാവനകൾ നൽകിയാണ് അമീറിന്റെ മടക്കം. കുവൈത്ത് ജനതക്കൊപ്പം പ്രവാസികളുടെ ക്ഷേമത്തിലും അമീറിന് കരുതലുണ്ടായിരുന്നു. ശൈഖ് നവാഫ് കിരീടാവകാശിയായിരുന്ന നീണ്ട വർഷങ്ങളിലും അമീറായ ശേഷവും മലയാളികൾ അടക്കമുള്ളവർ ആ തണൽ അനുഭവിച്ചതാണ്.
ഇറാഖ് അധിനിവേശത്തിനു ശേഷവും കോവിഡ് കാലത്തും കുവൈത്തിനെ മുന്നോട്ടു നയിക്കുന്നതിൽ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിജയകരമായ പരിശ്രമങ്ങളുണ്ട്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയും വിശാല കാഴ്ചപ്പാടുകളിലൂടെയും രാജ്യം അഭൂതപൂർവമായ മാറ്റത്തിനും സർവതോന്മുഖമായ വളർച്ചക്കും സാക്ഷ്യം വഹിച്ചു.
ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന ജനതക്ക്, അദ്ദേഹത്തിന്റെ കാരുണ്യഹസ്തം എപ്പോഴും താങ്ങും തണലുമായി. ലോകസമാധാനത്തിനുവേണ്ടി നിലകൊള്ളുക എന്ന കുവൈത്തിലെ മുൻ ഭരണാധികാരികളുടെ നിലപാടിൽ ഉറച്ചുനിന്ന് പ്രവർത്തിച്ചു അമീർ.
രോഗബാധിതനാണെന്ന വിവരം അറിയുമ്പോഴും പതിവുപോലെ ആശുപത്രിയിൽനിന്ന് ആരോഗ്യത്തോടെ തിരിച്ചുവരും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അമീറിന്റെ ദേഹവിയോഗം ഞെട്ടലോടെയും സങ്കടത്തോടെയുമാണ് ഉൾക്കൊള്ളാനായത്. കുവൈത്ത് രാജകുടുംബത്തിനും ജനതക്കും ഒപ്പം ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നൽകി അനുഗ്രഹിക്കേണമേ എന്ന് ജഗദീശ്വരനോട് പ്രാർഥിക്കുന്നു.
-വിജയൻ നായർ (കുവൈത്ത് വാർത്താ വിതരണ മന്ത്രാലയം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.