കുവൈത്ത് സിറ്റി: സൗത്ത് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) കപ്പിൽ ഫൈനൽ പ്രതീക്ഷയോടെ കുവൈത്ത് ശനിയാഴ്ച കളത്തിലിറങ്ങും. ബംഗളുരുവിലെ കണ്ഡീരവ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിയിൽ ബംഗ്ലാദേശാണ് എതിരാളി. ഇന്ത്യൻ സമയം വൈകീട്ട് മൂന്നിനാണ് മത്സരം. മികച്ച ജയത്തോടെ ഫൈനലിലേക്കുള്ള പ്രവേശനമാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. ചാമ്പ്യൻഷിപ്പിൽ ഒരു മത്സരവും തോൽക്കാതെയാണ് കുവൈത്ത് സെമിഫൈനൽ യോഗ്യത നേടിയത്.
ഗ്രൂപ് എ യിലെ ഉദ്ഘാടന മത്സരത്തിൽ കുവൈത്ത് നേപ്പാളിനെ 3-1ന് പരാജയപ്പെടുത്തിയാണ് തുടക്കമിട്ടത്. രണ്ടാം മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി സെമി യോഗ്യത ഉറപ്പാക്കി. അവസാന ഗ്രൂപ് മത്സരത്തിൽ ശക്തരായ ഇന്ത്യക്കെതിരെ 1-1 സമനില പിടിച്ചുതോൽവി ഒഴിവാക്കി. ഗ്രൂപ് എയിൽനിന്ന് ഏഴുപോയന്റുമായി ഗ്രൂപ് ജേതാക്കളായാണ് കുവൈത്തിന്റെ വരവ്.
ഗ്രൂപ് ബിയിൽ രണ്ടുജയവും ഒരു തോൽവിയുമായി ആറു പോയന്റോടെയാണ് ബംഗ്ലാദേശ് രണ്ടാം സ്ഥാനക്കാരായി സെമി ഫൈനൽ യോഗ്യത നേടിയത്. ഫിഫ റാങ്കിങ്ങിൽ 192ാം സഥാനത്തുള്ള ബംഗ്ലാദേശ് 143ാം സഥാനത്തുള്ള കുവൈത്തിന് ശക്തരായ എതിരാളികളല്ല. എന്നാൽ, സാഫ് കപ്പിൽ 13 തവണ പങ്കെടുത്തതിന്റെ പാരമ്പര്യം ബംഗ്ലാദേശിനുണ്ട്. 2003ൽ ജേതാക്കളുമായിട്ടുണ്ട്. കുവൈത്തിന് ഇത് ആദ്യ ചാമ്പ്യൻഷിപ്പാണ്. അതേസമയം, കളിക്കാരെല്ലാം മികച്ച ഫോം നിലനിർത്തുന്നു എന്നത് കുവൈത്തിന്റെ ആത്മ വിശ്വാസം കൂട്ടുന്നു. സാഫ് കപ്പിലെ മികച്ച നേട്ടത്തോടെ സമ്പന്നമായിരുന്ന രാജ്യത്തിന്റെ ഫുട്ബാൾ ചരിത്രം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കുവൈത്ത്. രണ്ടാം സെമിഫൈനലിൽ ഇന്ത്യ ലെബനനെ നേരിടും. ജൂലൈ നാലിനാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.