കണ്ണീരില്‍ കുതിര്‍ന്ന കല്യാണരാവിന്‍െറ ഓര്‍മയില്‍

കുവൈത്ത് സിറ്റി: ആഘോഷരാവിന്‍െറ ആനന്ദാതിരേകം ആര്‍ത്തനാദമായി മാറിയത് ഞൊടിയിടക്കായിരുന്നു. നിലവിളിയൊച്ചക്ക് വിരുന്നുകാരനെന്നോ വീട്ടുകാരെന്നോ വ്യത്യാസമില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല, മനസ്സിലാക്കാന്‍ ആരും ശ്രമിച്ചുമില്ല. ആളിപ്പടരുന്ന തീയില്‍നിന്ന് ഓടിയൊളിക്കാന്‍ ഒരിടവും ഇല്ലായിരുന്നു. ഉള്ള ഒരേയൊരു വാതില്‍ ആള്‍ത്തിരക്കും തീഗോളവും അടച്ചുപൂട്ടിയിരുന്നു. 57 ജീവനുകളാണ് വെന്തുതീര്‍ന്നത്. ജീവന്‍ ബാക്കികിട്ടിയവരില്‍ പലര്‍ക്കും ജീവിതം തിരിച്ചുകിട്ടിയെന്ന് പറയാനാവില്ല. പൊള്ളിത്തീര്‍ന്ന കരിക്കട്ട പോലെ എന്തോ മിടിപ്പ് മാത്രം തിരിച്ചുകിട്ടിയ നിരവധി പേര്‍ കുറെ കാലം മരിച്ചുജീവിച്ചു. ജഹ്റ വിവാഹപ്പന്തല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ സ്വദേശി യുവതിയുടെ വധശിക്ഷ ബുധനാഴ്ച സെന്‍ട്രല്‍ ജയില്‍ അങ്കണത്തില്‍ നടപ്പാക്കിയ വാര്‍ത്ത പുറത്തുവന്നപ്പോള്‍ പലരും ആ ഭീകരദിനം വീണ്ടുമോര്‍ത്തു.

2009 ആഗസ്റ്റ് 15നുണ്ടായ വിവാഹപ്പന്തല്‍ ദുരന്തത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 57 പേരാണ് വെന്തുമരിച്ചത്. അന്ന് 23 വയസ്സ് മാത്രമായിരുന്നു നസ്റ യൂസുഫ് മുഹമ്മദ് അല്‍ ഇന്‍സിക്ക് ഉണ്ടായിരുന്നത്. ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കുന്നതില്‍ പ്രകോപിതയായ നസ്റ വിവാഹപ്പന്തലിന് തീകൊളുത്തിയതാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടത്തെിയത്. അതിഥികള്‍ക്കായി വീടിന്‍െറ മുന്നില്‍ ഒരുക്കിയ പന്തല്‍ തീപിടിച്ച് നിലംപതിക്കുകയായിരുന്നു. പന്തലിന് ഒരു വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ സല്‍ക്കാരത്തിനത്തെിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷപ്പെടാനുമായില്ല. സംഭവസമയത്ത് ഭര്‍ത്താവും നവവധുവും ഉണ്ടായിരുന്നില്ല. വരന്‍െറ ബന്ധുക്കളായ സൗദി പൗരത്വമുള്ള സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പന്തലിനുമേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയശേഷം യുവതി ഓടി രക്ഷപ്പെടുന്നതായി കണ്ടുവെന്ന് അടുത്ത വീട്ടിലെ ശ്രീലങ്കന്‍ വേലക്കാരി നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണായകമായി മാറിയത്.

ഇതേതുടര്‍ന്ന് പൊലീസ് മുമ്പാകെ കുറ്റസമ്മതം നടത്തിയ നസ്റ പിന്നീട് കോടതിയില്‍ കുറ്റസമ്മത മൊഴി തിരുത്തിയെങ്കിലും ദുരന്തത്തിന്‍െറ വ്യാപ്തിയും പ്രോസിക്യൂഷന്‍െറ വാദവും അംഗീകരിച്ച കോടതി യുവതിക്ക് പരമാവധി ശിക്ഷ വിധിക്കുകയായിരുന്നു. പ്രായവും സാഹചര്യവും കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കണമെന്ന് ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്‍ ഇത് അംഗീകരിച്ചില്ല. കുവൈത്തിന്‍െറ ചരിത്രത്തില്‍ ഇതുവരെ സ്വദേശി സ്ത്രീ വധശിക്ഷക്ക് വിധേയയായിട്ടില്ല. രണ്ടു കുട്ടികളുടെ മാതാവാണ് നസ്റ ഇന്‍സി.

 

Tags:    
News Summary - saudi woman got hangigng to kill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.