കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാപരിശോധനകൾ തുടരുന്നു. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനയില്‍ കഴിഞ്ഞ ദിവസം 38 പ്രവാസികൾ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സാൽഹിയ, ഷുവൈഖ് ബീച്ച്, കുവൈത്ത് സിറ്റി തുടങ്ങിയ ഭാഗങ്ങളിലാണ് പരിശോധന നടന്നത്.
പിടിയിലായ എല്ലാവരെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായവരിൽ കൂടുതൽ. നിയമ ലംഘനങ്ങൾക്കെതിരായ പരിശോധനകൾ തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ നാടുകടത്തല്‍ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
നിയമലംഘകരെ കണ്ടെത്തൽ, തൊഴിൽ മേഖല ശുദ്ധീകരിക്കൽ, ജനസംഖ്യ അസന്തുലിതാവസ്ഥ ക്രമീകരിക്കൽ എന്നിവയുടെ ഭാഗമായാണ് നടപടി. ജലീബ് അൽ ഷുയൂഖ്, അൽറായ്, ജഹ്റ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടു ദിവസം മുമ്പ് 55 പേർ പിടിയിലായിരുന്നു. ഈ മാസം നടത്തിയ പരിശോധനയിൽ 700ഓളം പ്രവാസികൾ അറസ്റ്റിലായിട്ടുണ്ട്. സുരക്ഷ പരിശോധനകൾ ശക്തമാക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ നേരിട്ടുള്ള നിർദേശമുണ്ട്.
പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി, റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിലെയും മറ്റു മേഖലകളിലെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം എന്നിവ പരിശോധനകൾക്കുണ്ട്.
പൊതുസുരക്ഷ കാര്യ വിഭാഗം, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്ക്യൂ പൊലീസ് എന്നിവയെല്ലാം ഒരുമിച്ചും അല്ലാതെയും പരിശോധന നടത്തുന്നുണ്ട്. സാൽമിയ, ഫഹാഹീൽ, ഷുവൈഖ് ഇൻഡസ്ട്രിയൽ, ഹവല്ലി, ഖൈത്താൻ, മഹ്ബൂല, ഖുറൈൻ മാർക്കറ്റ് തുടങ്ങി വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നിരുന്നു. ദിവസങ്ങൾക്കു മുമ്പ് അബ്ദലി കാർഷിക മേഖലയിൽ നടത്തിയ പരിശോധനയിൽ നൂറുക്കണക്കിന് പേരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.