കുവൈത്ത് സിറ്റി: പെരുന്നാൾ അവധിക്കുശേഷം താമസ നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചന നൽകി. വീണ്ടും പൊതുമാപ്പ് നൽകാൻ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. നേരത്തേ നിരവധി തവണ പൊതുമാപ്പ് നൽകിയിട്ടും നിരവധി അനധികൃത താമസക്കാർ തിരിച്ചുപോകാൻ തയാറായില്ല. ഈ സാഹചര്യത്തിൽ പുതിയ പൊതുമാപ്പിന് മുന്നോടിയായി കർശന പരിശോധന നടത്തുമെന്നാണ് വിവരം. ഒന്നര ലക്ഷത്തോളം പേർ താമസരേഖയില്ലാതെ കുവൈത്തിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്.
കുവൈത്ത് സ്വന്തം ചെലവിൽ തിരിച്ചയക്കാൻ തയാറായിട്ടും പിഴയടച്ച് താമസരേഖ നിയമവിധേയമാക്കാൻ അവസരം നൽകിയിട്ടും ഭൂരിഭാഗവും പ്രയോജനപ്പെടുത്തിയില്ല. അതിനിടെ, കഴിഞ്ഞദിവസം ഫർവാനിയ, കാപിറ്റൽ ഗവർണറേറ്റുകളിൽ നടത്തിയ സുരക്ഷ പരിശോധനയിൽ 16 പേർ അറസ്റ്റിലായി. ഫർവാനിയ, ജലീബ് അൽ ശുയൂഖ്, ശർഖ് ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. മാൻപവർ പബ്ലിക് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച സംയുക്ത സമിതിയാണ് പരിശോധന നടത്തിയത്. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. വരുംദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.