കുവൈത്ത് സിറ്റി: കുവൈത്തിൽ രജിസ്റ്റർ ചെയ്ത 70 ശതമാനം പേർക്ക് രണ്ട് ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകി. ആരോഗ്യമന്ത്രാലയത്തിലെ വാക്സിനേഷൻ കമ്മിറ്റി അംഗം ഡോ. ഖാലിദ് അൽ സയീദ് അറിയിച്ചതാണ് ഇക്കാര്യം. ആരോഗ്യപ്രവർത്തകരുടെയും മറ്റും കൂട്ടായ പരിശ്രമമാണ് കുത്തിവെപ്പ് നടപടികൾ വിജയിപ്പിക്കാൻ സഹായകമായത്. കോവിഡ് പ്രതിരോധരംഗത്ത് ആഗോളസൂചികയിൽ കുവൈത്ത് മികച്ച സ്ഥാനത്താണുള്ളത്. എന്നാൽ, രാജ്യം ഇതുവരെ കോവിഡ് മുക്തമായിട്ടില്ലെന്നും അതുകൊണ്ടുതന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍പേർക്കും ഒരുമാസത്തിനകം വാക്സിന് ലഭ്യമാക്കുമെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
85 ശതമാനത്തിലേറെ ആളുകൾ ഇതിനകം ഒരുഡോസെങ്കിലും വാക്സിൻ സ്വീകരിച്ചു. രണ്ടാം ഡോസ് നേരത്തെ അപ്പോയിൻമെൻറ് നൽകിയ തീയതിയിൽനിന്ന് നേരത്തെയാക്കാനും ശ്രമിക്കുന്നു. അതനുസരിച്ച് പുതുക്കിയ അപ്പോയിൻമെൻറ് തീയതി മൊബൈൽ ഫോണിലേക്ക് അയച്ചുതുടങ്ങി.
ഒരുദിവസം ഒരുലക്ഷത്തിലധികം പേർക്ക് കുത്തിവെപ്പെടുക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്. പരമാവധി ആളുകൾക്ക് വേഗത്തിൽ കുത്തിവെപ്പെടുത്ത് സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. നവംബർ അവസാനത്തോടെ വാക്സിൻ എടുക്കേണ്ടതായ മുഴുവൻപേർക്കും രണ്ട് ഡോസും നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.