കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് തുടരും. ശൈഖ് അഹ്മദിനെ പുതിയ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി നിയമിച്ച് ബുധനാഴ്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിറക്കി. പുതിയ മന്ത്രിസഭ അംഗങ്ങളെ തിരഞ്ഞെടുക്കാനും അദ്ദേഹത്തെ ചുമതലപ്പെടുത്തി.
മന്ത്രിസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് മുൻ പ്രധാനമന്ത്രിമാരുമായും സ്പീക്കർമാരുമായും ചർച്ചകൾ നടത്തിയിരുന്നു.
അതിന് പിറകെയാണ് പ്രധാനമന്ത്രിയെ നിശ്ചയിച്ച് ബുധനാഴ്ച അമീറിന്റെ ഉത്തരവ് വന്നത്. മന്ത്രിസഭ അംഗങ്ങളെ പ്രധാനമന്ത്രി വൈകാതെ നിശ്ചയിക്കും. നിലവിലുള്ള മന്ത്രിമാരിൽ വലിയ മാറ്റം പുതിയ മന്ത്രിസഭയിലും ഉണ്ടാകില്ലെന്നാണ് സൂചന. അതേസമയം, പുതിയ എം.പിമാരിൽനിന്ന് രണ്ടുപേരെങ്കിലും മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നാണ് വിലയിരുത്തൽ. കുവൈത്ത് ഭരണഘടനപ്രകാരം കുറഞ്ഞത് ഒരു എം.പിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തൽ നിർബന്ധമാണ്. ഈമാസം 20ന് ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ മന്ത്രിസഭ പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
1956ൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ മകനായി ജനനം. ലെഫ്റ്റനന്റ് ജനറൽ പദവിയിൽ ആഭ്യന്തര മന്ത്രാലയത്തിൽ ജോലിചെയ്തുവരവെ 2014ൽ വിരമിക്കുകയും അതേ വർഷം ഹവല്ലി ഗവർണർ സ്ഥാനം വഹിക്കുകയും ചെയ്തു. 2020 നവംബറിൽ മന്ത്രി റാങ്കോടെ നാഷനൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫ് ആയി നിയമിതനായി. ഇന്റർനാഷനൽ പൊലീസ് ഫെഡറേഷന്റെ പ്രസിഡന്റായും കുവൈത്ത് പൊലീസ് ഫെഡറേഷന്റെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്. 2022 മാർച്ച് ഒമ്പതിന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി നിയമിതനായി.
മുൻ സർക്കാർ രാജിവെച്ചതോടെ 2022 ജൂലൈ 24 ന് താൽക്കാലിക പ്രധാനമന്ത്രിയായി ചുമതലയേറ്റു. സെപ്റ്റംബർ 29ന് ദേശീയ അസംബ്ലി ഫലം വന്നതോടെ പദവിയിൽനിന്നൊഴിഞ്ഞു. 2022 ഒക്ടോബർ അഞ്ചിന് വീണ്ടും പ്രധാനമന്ത്രിയായി അമീർ നിയമിച്ചു. തുടർന്ന് ഈ വർഷം ജൂൺ ആറുവരെ പ്രധാനമന്ത്രിയായി തുടർന്നു. ജൂൺ ആറിന് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ രാജിവെച്ചു. ജൂൺ 14ന് വീണ്ടും പ്രധാനമന്ത്രിയായി അമീർ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.