കുവൈത്ത് സിറ്റി: പത്താം ക്ലാസ് ഉന്നത വിജയികൾക്കായി ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെയുള്ള പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ കുവൈത്തിൽ നടന്നു. യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ നടന്ന പരീക്ഷയിൽ 38 വിദ്യാർഥികൾ പങ്കെടുത്തു. രാവിലെ 8.30 മുതൽ 10.30 വരെ നടന്ന ഒബ്ജക്റ്റിവ് പരീക്ഷയിൽ അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, ഇന്റലിജൻസ് വിഷയങ്ങളിൽ പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് അടങ്ങിയിരുന്നത്.
പരീക്ഷയുടെ ഒന്നാംഘട്ടത്തിൽ നിശ്ചിത മാർക്ക് നേടുന്നവർക്ക് കാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. ഇതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ക്യാമ്പും ഇന്റർവ്യൂവും ഉണ്ടായിരിക്കും. ഇതിൽനിന്ന് തിരഞ്ഞെടുക്കുന്ന ഉന്നത വിജയികളായ പത്തുപേർക്ക് 1.25 ലക്ഷം രൂപയുടെ സ്കോളർഷിപ് ലഭിക്കും.
പി.കെ. മനാഫ് എക്സാം സെന്റർ ഇൻചാർജായിരുന്നു. ഷിബിന നവാസ് ഇൻവിജിലേറ്ററായി. ഗൾഫ് മാധ്യമം കുവൈത്ത് എക്സിക്യൂട്ടിവ് അംഗം ഫിറോസ് ഹമീദ്, ബ്യൂറോ ഇൻ ചാർജ് പി. അസ്സലാം, മാർക്കറ്റിങ് ഇൻ ചാർജ് സി.കെ. നജീബ്, സർക്കുലേഷൻ ഇൻചാർജ് എസ്.പി. നവാസ്, മീഡിയവൺ കുവൈത്ത് റിപ്പോർട്ടർ സലീം കോട്ടയിൽ എന്നിവർ പരീക്ഷ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.