കുവൈത്ത് സിറ്റി: യുക്രെയ്നിൽനിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി മാർച്ച് 21ന് പരിഗണിക്കും. പ്രവാസി ലീഗൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാമാണ് ഹരജി നൽകിയത്. മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാറിനോടും ദേശീയ മെഡിക്കൽ കമീഷനോടും നിർദേശിക്കണമെന്നാണ് ആവശ്യം.
കുറഞ്ഞ ഫീസ്, ഗുണനിലവാരം, വിദേശത്ത് പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് എന്നിവയുൾപ്പെടെ ഘടകങ്ങൾ കാരണമാണ് ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി യുക്രെയ്നെ തിരഞ്ഞെടുക്കുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. യുദ്ധത്തിൽ തകർന്ന രാജ്യത്തുനിന്ന് തിരിച്ചെത്തിയ വിദ്യാർഥികളുടെ ഭാവി ആശങ്കയിലാകുമെന്ന ഭീഷണിയുണ്ട്.
അസാധാരണമായ സാഹചര്യം കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ ഹൈകോടതിയുടെ ഇടപെടൽ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ വാർത്തകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.