കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷങ്ങൾ മൂലം തകർന്ന സുഡാന് കുവൈത്ത് നൽകുന്ന സഹായങ്ങളെ അഭിനന്ദിച്ച് സുഡാൻ ആരോഗ്യമന്ത്രി മന്ത്രി ഹൈതം ഇബ്രാഹിം. രാജ്യം പ്രതിസന്ധി നേരിടുന്ന സമയത്ത് കുവൈത്തിന്റെ വൈദ്യ-മാനുഷിക സഹായം ജനങ്ങൾക്ക് വളരെയധികം പ്രയോജനപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. സുഡാനിന്റെ ഔഷധാവശ്യങ്ങൾ നികത്തുന്നതിന് കുവൈത്ത് വലിയ സഹായം നൽകി. സുഡാനൊപ്പം നിന്നതിന് കുവൈത്ത് നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും അദ്ദേഹം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
കുവൈത്തിന് സുഡാനുമായി പ്രത്യേകിച്ച് ആരോഗ്യമേഖലയിൽ ശക്തമായ ബന്ധമാണുള്ളത്, ഇതിന് ഏറ്റവും നല്ല തെളിവാണ് സുഡാനിലേക്ക് സേവനങ്ങൾ നൽകുന്ന കുവൈത്ത് സ്ഥാപനങ്ങളും ആശുപത്രികളും -ഇബ്രാഹിം വിശദീകരിച്ചു.സുഡാനിലെ ആരോഗ്യസംവിധാനത്തിനുണ്ടായ ഗുരുതര നാശത്തെക്കുറിച്ച് ഇബ്രാഹിം പരാമർശിച്ചു. പലയിടങ്ങളിലും ആരോഗ്യസംവിധാനം പൂർണമായി നശിച്ചുവെന്നും സ്ഥിതി അസ്ഥിരമാണെന്നും ഇബ്രാഹിം പറഞ്ഞു. വിട്ടുമാറാത്ത രോഗങ്ങൾ, പകർച്ചവ്യാധികൾ ചെറുക്കൽ, ആശുപത്രികളുടെ പുനർനിർമാണം എന്നിവക്ക് കുവൈത്ത് തുടർപിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സംഘർഷങ്ങൾ കാരണം ഖർത്തൂമിലെ സെൻട്രൽ ആശുപത്രികളുടെ പ്രവർത്തനം നിർത്തിവെച്ചിട്ടുണ്ട്. പ്രാന്തപ്രദേശത്തുള്ള ആശുപത്രികൾ അടിയന്തര, പ്രസവ, അടിസ്ഥാന ശിശുരോഗ സേവനങ്ങൾ നൽകുന്നുണ്ട്. തുടർച്ചയായ സൈനിക ഏറ്റുമുട്ടലുകൾ നോർത്ത് കോർഡോഫാൻ ഭാഗത്തെയും ബാധിച്ചു. സുരക്ഷയും ബാങ്കിങ് സംവിധാനത്തിന്റെ അസ്ഥിരതയും നിലവിൽ സുഡാനിലെ ആരോഗ്യമേഖല നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഹൃദ്രോഗം, ഓങ്കോളജി, ഡയാലിസിസ് എന്നിവക്കുള്ള ഡസൻകണക്കിന് കേന്ദ്രങ്ങളിൽ സൗജന്യ സേവനങ്ങൾ നടത്താനുള്ള സാമ്പത്തിക സ്രോതസ്സുകളുടെ കുറവിന് ഇത് കാരണമായി.
ഏപ്രിൽ 15 മുതൽ സുഡാനിലെ ഖർത്തൂമിലും മറ്റു നഗരങ്ങളിലും സൈന്യവും ആർ.എസ്.എഫും തമ്മിലുള്ള ഏറ്റുമുട്ടലുകൾ നടന്നുവരുകയാണ്. ഇത് ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും രണ്ടര ദശലക്ഷം ആളുകളെ പല രൂപത്തിൽ ബാധിക്കുകയും ചെയ്തിട്ടുണ്ട്.
മരുന്നുകൾ, അടിയന്തര വസ്തുക്കൾ, ഭക്ഷണം, ടെന്റുകൾ, മറ്റു വസ്തുക്കൾ എന്നിവ അടങ്ങിയ 170 ടൺ മാനുഷികസഹായം 16 വിമാനങ്ങളിലായി കുവൈത്ത് സുഡാനിലേക്ക് അയച്ചിട്ടുണ്ട്. സുഡാനിലെ ജനങ്ങളുടെ പ്രയാസങ്ങൾ കുറക്കാൻ അടിയന്തരമായി ഇടപെടാൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിർദേശിച്ചിരുന്നു. സുഡാനിലേക്ക് അടിയന്തര ഭക്ഷണവും വൈദ്യസഹായവും അയക്കാൻ കുവൈത്ത് മന്ത്രിസഭയും തീരുമാനമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.