കുവൈത്ത് സിറ്റി: ഭൂകമ്പം ദുരിതം വിതച്ച തുർക്കിയയിലും സിറിയയിലും ദ്രുതഗതിയിൽ ഇടപെട്ട കുവൈത്തിന് ഐക്യരാഷ്ട്രസഭ അഭയാർഥി ഹൈകമീഷണർ (യു.എൻ.എച്ച്.സി.ആർ) ഫിലിപ്പോ ഗ്രാൻഡിയുടെ പ്രശംസ. ജനീവ യു.എൻ ഓഫിസിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ നാസർ അൽ ഹെയ്നുമായി ഗ്രാൻഡി കൂടിക്കാഴ്ച നടത്തി.
എല്ലാ ദുരിതാശ്വാസപ്രവർത്തനത്തിനും പിന്തുണ നൽകുന്നതിൽ കുവൈത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിന് ഗ്രാൻഡി നന്ദിയറിയിച്ചു. കൂടിക്കാഴ്ചയിൽ ഭൂകമ്പത്തിന്റെ പ്രത്യാഘാതം ലഘൂകരിക്കാൻ കുവൈത്ത് എടുക്കുന്ന നടപടി ചർച്ചചെയ്തതായി അൽ ഹെയ്ൻ പറഞ്ഞു.
കുവൈത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് ദുരിതാശ്വാസ, മാനുഷിക മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട് ദുരന്തം നേരിടാനുള്ള അവരുടെ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കിയതായും അദ്ദേഹം വിശദീകരിച്ചു.
കെടുതി കുറക്കാൻ കുവൈത്ത് എല്ലാ ശ്രമവും നടത്തും. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. മരിച്ചവരുടെ ബന്ധുക്കളെ ആത്മാർഥ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുവൈത്ത് സിറ്റി: ദക്ഷിണ തുർക്കിയയിലെ ഗാസിയാൻടെപ് പ്രവിശ്യയിലെ നൂർദാഗി പട്ടണത്തിൽ ഭൂകമ്പത്തിൽ നാശം സംഭവിച്ച ആളുകൾക്ക് കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ദുരിതാശ്വാസവും ഭക്ഷണവും എത്തിച്ചു.
200ഓളം കുടുംബങ്ങൾ അടിയന്തര ദുരിതാശ്വാസ സഹായം സ്വീകരിച്ചതായി സംഘത്തിന് നേതൃത്വം നൽകുന്ന നബീൽ അൽ ഹഫെത്ത് പറഞ്ഞു. തുർക്കിയയെ തുണക്കാൻ ലക്ഷ്യമിട്ടുള്ള കുവൈത്ത് ശ്രമങ്ങളുടെ ഫലമായാണ് സഹായമെന്നും ഇവ ആവശ്യമുള്ളവരിലേക്ക് ഫലപ്രദമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ തകർന്ന സിറിയയെ പിന്തുണക്കുന്നതിനായി 20 ലക്ഷം ഡോളർ നൽകുമെന്ന് കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രെസന്റ് സൊസൈറ്റികൾ (ഐ.എഫ്.ആർ.സി) വഴിയാണ് സഹായം എത്തിക്കുക.
ഭൂകമ്പത്തിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവർക്ക് പിന്തുണ ആവശ്യമാണെന്ന് കെ.ആർ.സി.എസ് ജനറൽ സെക്രട്ടറി മഹാ അൽ ബർജാസ് പറഞ്ഞു. സിറിയയെ സഹായിക്കാനുള്ള ഐ.എഫ്.ആർ.സി അടിയന്തര ആഹ്വാനം കെ.ആർ.സി.എസ് ഗൗരവത്തിൽ എടുത്തതായും അൽ ബർജാസ് പറഞ്ഞു.
തുർക്കിയയിലും സിറിയയിലും ദുരിതമനുഭവിക്കുന്നവരെ പിന്തുണക്കുന്നതിന് വിവിധ സംഘടനകളുടെ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. തുർക്കിയ, സിറിയ എന്നിവയെ പിന്തുണക്കുന്നതിൽ ഐ.എഫ്.ആർ.സി നടത്തുന്ന ശ്രമങ്ങളെ അൽ ബർജാസ് പ്രശംസിച്ചു.
പ്രതിസന്ധികളും ദുരന്തങ്ങളും കൈകാര്യംചെയ്യുന്നതിൽ കുവൈത്ത് റെഡ് ക്രെസന്റിന്റെ പങ്കിനെ മെനയിലെ ഐ.എഫ്.ആർ.സി റീജനൽ ഡയറക്ടർ ഡോ. ഹോസം അൽ ഷർഖാവി പ്രശംസിച്ചു. തുർക്കിയയിലും സിറിയയിലും മാനുഷിക ദുരിതാശ്വാസസഹായം ആരംഭിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.