കുവൈത്ത് സിറ്റി: നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയും നിലവിലുള്ളവരുടെ വകുപ്പുകളിൽ മാറ്റം വരുത്തിയും മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. നാല് പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് ചേർത്തപ്പോൾ രണ്ട് പേരെ ഒഴിവാക്കി. പ്രമുഖ ബാങ്കറായ നൂറ അൽ ഫസ്സാം ധനകാര്യ മന്ത്രിയായും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയായും നിയമിതയായി. അൻവർ അൽ മുദാഫിന് പകരമാണ് നിയമനം.
ഉന്നത സാമ്പത്തിക ഉദ്യോഗസ്ഥനായ ഖലീഫ അൽ അജീലിനെ വാണിജ്യ വ്യവസായ മന്ത്രിയായി നിയമിച്ചു. ഒമർ അൽ ഒമറിന് പകരക്കാരനായാണ് നിയമനം. അബ്ദുല്ലത്തീഫ് അൽ മെഷാരിയെ ഭവന സഹമന്ത്രിയായും മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രിയായും നിയമിച്ചു. അദേൽ അൽ അദ്വാനിക്ക് പകരം ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആക്ടിങ് വിദ്യാഭ്യാസ മന്ത്രിയുമായി അക്കാദമിക് വിദഗ്ധനായ ഡോ.നാദിർ അൽജല്ലാലിനെ നിയമിച്ചു.അഞ്ചു മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റങ്ങൾ വന്നു. ഇൻഫർമേഷൻ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരിക്ക് യുവജനകാര്യ സഹമന്ത്രി ചുമതലകൂടി നൽകി. നൂറ അൽ മഷാനിൽനിന്ന് മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയം നീക്കി. ഇവർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി തുടരും. അംതൽ അൽ ഹുവൈലക്ക് യുവജനകാര്യ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു.
ഇവർ സാമൂഹികകാര്യ മന്ത്രിയുടെ ചുമതല വഹിക്കും.വൈദ്യുതി, ജലം, പുനരുപയോഗ ഊർജം എന്നിവയുടെ മന്ത്രിയായി തുടരുന്ന മഹ്മൂദ് ബുഷെഹ്രിയിൽനിന്ന് ഭവന മന്ത്രാലയം മാറ്റി. ഒമർ അൽ ഒമറിൽനിന്ന് വാണിജ്യ വ്യവസായ മന്ത്രാലയം നീക്കി വാർത്താവിനിമയ കാര്യ സഹമന്ത്രി ചുമതല നൽകി. പുതിയ മന്ത്രിമാർ തിങ്കളാഴ്ച അമീറിന്റെ മുമ്പാകെ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തു ചുമതലകൾ ഏറ്റെടുത്തു.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഇപ്പോൾ അദ്ദേഹത്തെ ഒഴികെ 15 അംഗങ്ങളുണ്ട്. പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിയമിക്കുമ്പോൾ പുതിയ ഒരംഗം കൂടി അംഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.