കുവൈത്ത് സിറ്റി: ഹജ്ജിന്റെ പവിത്രതയും ആഘോഷത്തിന്റെ പൊലിമയും ഒരുമിപ്പിച്ച് ഇസ്ലാം മതവിശ്വാസികൾ ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുന്നു. ബുധനാഴ്ച ഗൾഫ് രാജ്യങ്ങൾക്കൊപ്പം കുവൈത്തും ബലിപെരുന്നാൾ ആഘോഷിക്കും. പെരുന്നാൾ ആഘോഷത്തിനായി രാജ്യവും ജനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. കനത്ത ചൂടിനിടയിലും വിപണി സജീവമായിരുന്നു. രാജ്യത്തെ എല്ലാ പള്ളികളും പെരുന്നാൾ നമസ്കാരത്തിനായും സജ്ജമായിട്ടുണ്ട്. വിവിധ മലയാളി സംഘടനകൾക്കു കീഴിൽ ഈദ്ഗാഹുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. രാവിലെ 5.06നാണ് പെരുന്നാൾ നമസ്കാരം.
ചൊവ്വാഴ്ച മുതൽ രാജ്യത്ത് പെരുന്നാൾ അവധി ആരംഭിക്കും. ജൂലൈ രണ്ടു വരെയാണ് അവധി. ജൂലൈ മൂന്നിന് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. അവധിയും പെരുന്നാളും കണക്കിലെടുത്ത് മലയാളികളിൽ നിരവധി പേർ നാട്ടിലേക്കു പോയിട്ടുണ്ട്. നാട്ടിൽ വ്യാഴാഴ്ചയാണ് പെരുന്നാൾ. അവധിദിനങ്ങളാണെങ്കിലും രാജ്യത്ത് 20 ഡെന്റൽ ക്ലിനിക്കുകളും അഞ്ച് എമർജൻസി മെഡിക്കൽ സെന്ററുകളും പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡെന്റൽ ക്ലിനിക്കുകള്‍ രാവിലെ 7.30 മുതൽ രാത്രി ഒമ്പതു വരെയും എമർജൻസി മെഡിക്കൽ സെന്ററുകളുടെ സേവനം മുഴുവന്‍ സമയവും ലഭ്യമായിരിക്കും. ഫർവാനിയ, ജാബർ അൽ-അഹമ്മദ്, അദാൻ, ജഹ്റ ആശുപത്രികളിലും അമീരി സെന്ററിലും രാത്രി 10 മുതൽ രാവിലെ ആറു വരെ സ്പെഷലൈസ്ഡ് എമർജൻസി ഡെന്റൽ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ജാബ്രിയ ബ്ലഡ് ബാങ്ക് ഉൾപ്പെടെയുള്ള രക്തപ്പകർച്ച സേവന വകുപ്പും പെരുന്നാള്‍ അവധി ദിനങ്ങളില്‍ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.