കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാളിന്റെ വിജയകരമായ സംഘാടനത്തിന് ഖത്തറിന് കുവൈത്ത് അമീറിന്റെ ആശംസ.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ആശംസ അറിയിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് സന്ദേശമയച്ചു. ചാമ്പ്യൻഷിപ്പിന്റെ ഗംഭീരമായ ഉദ്ഘാടനത്തെ അഭിനന്ദിച്ച കുവൈത്ത് അമീർ പരിപാടിക്ക് ഖത്തർ ആതിഥേയത്വം വഹിച്ചതിൽ അഭിമാനിക്കുന്നതായും വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സൗഹാർദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകിയ പ്രദർശനത്തെയും അഭിനന്ദിച്ചു. ടൂർണമെന്റ് നടത്തുന്നതിനുള്ള വലിയ തയാറെടുപ്പുകളെ എടുത്തുപറഞ്ഞ കുവൈത്ത് അമീർ ഖത്തറിനും ജനങ്ങൾക്കും ആശംസകൾ അറിയിച്ചു.
ലോകകപ്പ് ഫുട്ബാൾ ഉദ്ഘാടന ചടങ്ങിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പങ്കെടുത്തിരുന്നു. ഖത്തറിലും ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ നടന്ന അൽബെയ്ത് സ്റ്റേഡിയത്തിലും കിരീടാവകാശിക്ക് ഖത്തർ അധികൃതർ ഹാർദവമായ സ്വീകരണം നൽകി.
ലോകകപ്പിന്റെ വിജയം ഉറപ്പാക്കാനും ലക്ഷ്യങ്ങൾ കൈവരിക്കാനും ഖത്തർ നടത്തുന്ന പരിശ്രമങ്ങൾക്ക് കുവൈത്ത് ഭരണകൂടം നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇക്കാര്യം ഖത്തറിലെ കുവൈത്ത് അംബാസഡർ ഖാലിദ് അൽ മുതൈരി ഖത്തറിനെ അറിയിക്കുകയുമുണ്ടായി.
ലോകകപ്പ് സംഘാടനത്തിൽ ഖത്തറിനുള്ള പിന്തുണയുടെ ഭാഗമായി ഖത്തറിലെ കുവൈത്ത് എംബസിയിൽ ഇരുരാജ്യങ്ങളും കൈകോർക്കുന്ന ചിത്രമുള്ള പ്രത്യേക ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.