കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം ജൂലൈ മൂന്നിന് പുറപ്പെടും. വിമാന മാർഗമാണ് ആദ്യസംഘം പോകുന്നത്. ഹജ്ജ് സീസൺ കൈകാര്യം ചെയ്യാൻ സമഗ്രമായ പദ്ധതിയുണ്ടെന്ന് വ്യോമയാന വകുപ്പ് ഡയറക്ടർ യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. 20 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഈ വർഷം 5,622 തീർഥാടകരാണ് കുവൈത്തിൽനിന്ന് പോകുന്നത്. ആദ്യം 3622 സീറ്റ് ആണ് അനുവദിച്ചിരുന്നത്. പിന്നീട് പ്രത്യേക അഭ്യർഥനയിലൂടെ 2000 പേർക്ക് കൂടി അവസരം വാങ്ങിയെടുക്കുകയായിരുന്നു. യാത്രക്കാർക്ക് പ്രയാസങ്ങൾ ഇല്ലാതിരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നാലു വിമാനക്കമ്പനികളാണ് കുവൈത്തിൽനിന്ന് ഹജ്ജ് സർവിസ് നടത്തുന്നത്. കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കും. തീർഥാടകരെ സഹായിക്കാൻ ഫീൽഡ് വർക്ക് ടീമുകളെ നിയോഗിക്കുമെന്നും പാർക്കിങ് സ്ഥലങ്ങളിൽ തുടങ്ങി എയർപോർട്ട് ഹാൾ, പാസ്പോർട്ട് ഏരിയ, ട്രാൻസിറ്റ് ഏരിയ, ബോർഡിങ് എല്ലായിടക്കും തീർഥാടകരെ സഹായിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെയും ലോജിസ്റ്റിക് സേവനങ്ങൾക്ക് ജോലിക്കാരെയും നിയോഗിക്കുമെന്ന് യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. തീർഥാടകർ സൗദി അംഗീകരിച്ച കോവിഡ് വാക്സിൻ രണ്ട് ഡോസെങ്കിലും സ്വീകരിച്ചിരിക്കണം.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണം. കോവിഡ് പശ്ചാത്തലത്തിൽ സൗദിയാണ് പ്രായനിബന്ധന വെച്ചത്.
ഹജ്ജ് കർമങ്ങൾ നിർവഹിക്കുമ്പോൾ മാസ്ക് ധരിക്കണം, കോവിഡ് ചികിത്സ ചെലവുകൾ കവർ ചെയ്യുന്ന ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്നിവയാണ് മറ്റു നിബന്ധനകൾ. സർക്കാർ സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ സഹൽ ആപ്ലിക്കേഷൻ വഴിയാണ്
കുവൈത്ത് ഔഖാഫ് മന്ത്രാലയം ഹജ്ജിന് അപേക്ഷ സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.