കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി പശ്ചിമ ബംഗാൾ ഫെസിലിറ്റേഷൻ പരിപാടി സംഘടിപ്പിച്ചു. ആത്മനിർഭർ ഭാരത് കാമ്പയിനിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാധ്യതകളും അവസരങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.
വ്യാപാരം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം മേഖലയിൽ ഇന്ത്യയും കുവൈത്തും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഇതിന് മികച്ച ഫലം കൈവരിക്കാൻ കഴിയുന്നുണ്ടെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായ കൊൽക്കത്ത വൈവിധ്യമാർന്ന ആചാരങ്ങളുടെയും പാരമ്പര്യത്തിന്റെയും ജീവിതരീതിയുടെയും കേന്ദ്രമാണെണന്നും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ബംഗാളിനെ ആകർഷകമായ ഇടമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സസ്യ, ജന്തു വൈവിധ്യംകൊണ്ടും ശ്രദ്ധേയമാണ് ബംഗാൾ. ഇന്ത്യയിലെ ആകർഷകമായ പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രമായ പശ്ചിമ ബംഗാൾ സന്ദർശിക്കാൻ കുവൈത്തി സുഹൃത്തുക്കളെ ക്ഷണിക്കണമെന്ന് അംബാസഡർ ഉണർത്തി. ബംഗാളിന്റെ ജൈവ വൈവിധ്യവും പരിസ്ഥിതി സൗന്ദര്യവും വിളിച്ചോതുന്ന വിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. ബാഹു നൃത്തം, സാന്തൽ നൃത്തം, പരമ്പരാഗത ഗാനങ്ങൾ തുടങ്ങിയ കലാപ്രദർശനങ്ങളും പരിപാടിക്ക് മിഴിവേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.