കുവൈത്ത് സിറ്റി: ശൈത്യകാല തമ്പ് സീസണ് തയാറെടുപ്പ് ആരംഭിച്ചതായി മുനിസിപ്പൽ കൗൺസിൽ. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് ശൈത്യകാല തമ്പുകൾക്ക് അനുമതി. കോവിഡ് പശ്ചാത്തലത്തിലെ സുരക്ഷ മാർഗനിർദേശങ്ങളും മറ്റു നിബന്ധനകളും തയാറാക്കാൻ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ക്യാമ്പ് ലൈസൻസ് നൽകുന്നത് സംബന്ധിച്ച് നിബന്ധനകളും നിയന്ത്രണങ്ങളും സമിതി തീരുമാനിക്കും. തമ്പ് മൈതാനങ്ങൾ കൈയേറരുതെന്ന് കന്നുകാലി ഫാം ഉടമകൾക്ക് മുന്നറിയിപ്പ് നൽകും. നിശ്ചയിച്ച സ്ഥലത്തല്ലാതെ നിർമിച്ച തമ്പുകൾ നീക്കാൻ ഫീൽഡ് പരിശോധന സംഘവും രൂപവത്കരിച്ചു. ഒാൺലൈൻ വഴിയാണ് ലൈസൻസിന് അപേക്ഷിക്കേണ്ടത്. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തി ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതോടെയാണ് മുനിസിപ്പാലിറ്റി തമ്പ് ലൈസൻസ് വിതരണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
നേരത്തെ ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കാൻ മന്ത്രിസഭ ആരോഗ്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ശൈത്യകാല തമ്പ് നിർമാണത്തിന് അനുമതി നൽകിയിരുന്നില്ല.
ഇപ്പോൾ വൈറസ് വ്യാപനം കുറഞ്ഞതും നവംബറോടെ ഭൂരിഭാഗം പേർക്കും രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ കഴിയുമെന്ന വിലയിരുത്തലുമാണ് തമ്പിന് അനുമതി നൽകാൻ പ്രേരിപ്പിച്ചത്.
സുഖശീതളിമ ആസ്വദിച്ച് ഇഷ്ടവിഭവങ്ങൾ ആഹരിച്ച് കൂട്ടുകാർക്കൊപ്പം കളിതമാശകൾ പങ്കുവെച്ച് രാത്രികൾ സജീവമാക്കുന്ന പതിവ് അറബികൾക്കുണ്ട്.
നവംബർ 15 മുതൽ മാർച്ച് 15 വരെ നാലുമാസമാണ് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാറുള്ളത്. കഴിഞ്ഞ തവണ അനുമതി നൽകാതിരുന്നതോടെ അനധികൃതമായി പലരും തമ്പ് നിർമിച്ചു. 5000ത്തിലേറെ അനധികൃത തമ്പുകളാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പൊളിച്ചുനീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.