കുവൈത്ത് സിറ്റി: കുവൈത്തിൽ ഒമ്പതാമത് ബാച്ച് ഫൈസർ, ബയോൺടെക് വാക്സിൻ ഞായറാഴ്ച എത്തും. ആരോഗ്യ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ അറിയിച്ചതാണിത്.ഇതുവരെ ഏഴര ലക്ഷം ഡോസ് ഫൈസർ വാക്സിൻ കുവൈത്തിൽ എത്തിച്ചു. രാജ്യത്ത് ആദ്യമായി ഇറക്കുമതി ചെയ്ത കോവിഡ് വാക്സിൻ ഫൈസർ, ബയോൺടെക് ആണ്.ഫൈസർ വാക്സിൻ മൂലം രാജ്യത്ത് ഇതുവരെ ആർക്കും പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒാക്സ്ഫഡ്, ആസ്ട്രസെനക വാക്സിൻകൂടി കുവൈത്ത് ഇറക്കുമതി ചെയ്തിട്ടുണ്ടെങ്കിലും രണ്ട് ലക്ഷം ഡോസ് ഉൾക്കൊള്ളുന്ന ഒറ്റ ബാച്ച് മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ.
അടുത്ത മാസം ഒരു ഷിപ്പ്മെൻറ്കൂടി ആസ്ട്രസെനകയിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതിനിടെ വിവിധ രാജ്യങ്ങൾ ആസ്ട്രസെനക വാക്സിൻ ഇറക്കുമതി മരവിപ്പിച്ച പശ്ചാത്തലത്തിൽ കുവൈത്തും അത്തരത്തിൽ തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. കുവൈത്തിൽ കൊണ്ടുവന്ന ആസ്ട്രസെനക വാക്സിന് പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.ആരോഗ്യ മന്ത്രാലയം സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വാക്സിൻ ഉപയോഗവും സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ മന്ത്രാലയം സ്ഥിരമായി നിരീക്ഷിക്കുന്നു.
വാക്സിൻ സുരക്ഷ, കാര്യക്ഷമത, ഗുണമേന്മ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നു.പൂർണ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ വാക്സിൻ ഇറക്കുമതി ചെയ്യൂ. ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻകൂടി വൈകാതെ കുവൈത്തിൽ എത്തിച്ചേക്കും.ഇതുമായി ബന്ധപ്പെട്ട് കമ്പനിയുമായി ആരോഗ്യ മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.