കുവൈത്ത് സിറ്റി: ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒാൺലൈനായി നടത്താൻ നിശ്ചയിച്ച ഒപെക്, നോൺ ഒപെക് മന്ത്രിതല യോഗം മാറ്റിവെച്ചു. എണ്ണ ഉൽപാദനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഒപെക് പ്ലസ് അംഗരാഷ്ട്രങ്ങൾക്കിടയിലുള്ള തർക്കമാണ് മന്ത്രിതല യോഗം മാറ്റിവെക്കാൻ കാരണമെന്ന് റിപ്പോർട്ടുണ്ട്.ഉൽപാദനം നിയന്ത്രിക്കാനുള്ള ധാരണപ്രകാരമുള്ള നിലവിലെ കാലാവധി ഡിസംബർ 31ന് അവസാനിക്കുകയാണ്. ഇത് മൂന്നുമാസം കൂടി നീട്ടണമെന്നാണ് കുവൈത്ത് ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങളുടെയും അഭിപ്രായം. എന്നാൽ, ഇറാൻ, വെനിസ്വേല തുടങ്ങി ചില രാജ്യങ്ങൾ ഇതിനോട് യോജിക്കുന്നില്ല. 7.7 ദശലക്ഷം ബാരൽ ആണ് നിലവിൽ പ്രതിദിന ഉൽപാദന നിയന്ത്രണം.
ഇത് 5.8 ദശലക്ഷം ബാരൽ ആയി കുറക്കണമെന്നും അഭിപ്രായമുണ്ട്. കഴിഞ്ഞ ആഴ്ച എണ്ണ വില കൂടിവരുന്ന പ്രവണതയാണുണ്ടായത്.ഇപ്പോൾ ബാരലിന് 47 ഡോളറിന് മേൽ എത്തിയിട്ടുണ്ട്. 60 ഡോളർ എങ്കിലും എത്തണമെന്നാണ് ഒപെക്, നോൺ ഒപെക് രാജ്യങ്ങൾ ആഗ്രഹിക്കുന്നത്. അടുത്ത വർഷം ഡിമാൻഡ് വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. അതനുസരിച്ച് വിലയും കൂടുമെന്ന് പ്രതീക്ഷിക്കുന്നു.
അതുവരെ ഉൽപാദനം നിയന്ത്രിച്ച് വിപണി സന്തുലനം സാധ്യമാക്കണമെന്നാണ് കുവൈത്ത് ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങളും പറയുന്നത്. കോവിഡ് പ്രതിസന്ധിയിൽ കൂപ്പുകുത്തിയ എണ്ണവില തിരിച്ചുകയറാനും കൂടുതൽ താഴ്ചയിലേക്ക് പോവാതിരിക്കാനും ഉൽപാദനം നിയന്ത്രിക്കണമെന്നാണ് വാദം.അതേസമയം, ഇറാൻ, വെനിസ്വേല, ലിബിയ എന്നീ രാജ്യങ്ങൾ ഉൽപാദനം കുറക്കാൻ താൽപര്യപ്പെടുന്നില്ല. ഉൽപാദന നിയന്ത്രണം ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ് ഇൗ രാജ്യങ്ങൾ തീരുമാനത്തെ എതിർക്കുന്നത്.തർക്കം തീർക്കാൻ അനൗദ്യോഗികമായ മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് വിജയം കണ്ടാൽ അടുത്ത ദിവസം തന്നെ യോഗം ചേരുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.